
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ജീവിതസാഹചര്യങ്ങൾ താരതമ്യം ചെയ്ത് ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഭൂട്ടാൻ സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളിലെയും റോഡുകളിലെയും പൊതുഇടങ്ങളിലെയും വ്യത്യാസങ്ങൾ യുവതി ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ ഗതാഗതക്കുരുക്ക്, അനാവശ്യ ഹോൺ, റോഡുകളിലെ തിരക്ക് തുടങ്ങിയവയുമായി താരതമ്യം ചെയ്തായിരുന്നു ഭൂട്ടാനിലെ അനുഭവങ്ങൾ പങ്കുവെച്ചത്.
ഭൂട്ടാനിലെ റോഡുകളിൽ സഞ്ചരിക്കുമ്പോൾ തനിക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടുവെന്നാണ് യുവതി പറയുന്നത്. അനാവശ്യമായി ഹോൺ മുഴക്കുന്നത് കാണാനില്ലെന്നും റോഡുകൾ വൃത്തിയുള്ളതാണെന്നും അവർ ചൂണ്ടിക്കാട്ടി. ട്രാഫിക് സിഗ്നലുകൾ ഇല്ലാത്ത ഇടങ്ങളിലും വാഹനങ്ങൾ സ്വന്തം ലെയിനിൽ തന്നെ സഞ്ചരിക്കുന്നതും കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ നിർത്തി വഴി നൽകുന്നതും വീഡിയോയിൽ കാണിച്ചു.
ഭൂട്ടാനിലെ അനുഭവം ഇന്ത്യയിലെ ദൈനംദിന ജീവിതത്തെ മറ്റൊരു രീതിയിൽ കാണാൻ തന്നെ പ്രേരിപ്പിച്ചുവെന്നും യുവതി പറഞ്ഞു. ചുറ്റുപാടുകളുടെ ഉത്തരവാദിത്തം അവിടെയുള്ളവർ സ്വയം ഏറ്റെടുക്കുന്നതായി തോന്നിയെന്നും ഇന്ത്യയിലും ആളുകൾ സ്വന്തം പരിസരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താൽ നഗരങ്ങളുടെ മുഖച്ഛായ മാറുമെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യയെ താഴ്ത്തിക്കാണിക്കുകയല്ല തന്റെ ഉദ്ദേശ്യമെന്നും വ്യക്തിഗത ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയാണ് ലക്ഷ്യമെന്നും യുവതി വ്യക്തമാക്കി.
30 വർഷത്തിനിടെ ആദ്യമായാണ് മറ്റൊരു രാജ്യം സന്ദർശിക്കുന്നതെന്നും ഭൂട്ടാനിലെത്തിയപ്പോഴാണ് താൻ സാധാരണയായി കരുതിയിരുന്ന പല കാര്യങ്ങളെയും വ്യത്യസ്തമായി കാണാൻ കഴിഞ്ഞതെന്നും യുവതി കുറിച്ചു. മലിനീകരണം, അമിതമായ ഹോൺ, ഗതാഗതക്കുരുക്ക്, റോഡ് റേജ്, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ ഇന്ത്യയിലെ ജീവിതത്തിന്റെ ഭാഗമായാണ് താൻ കരുതിയിരുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ഭൂട്ടാനിൽ ശുദ്ധവായുവും ശാന്തമായ റോഡുകളും സുരക്ഷിതമായ അന്തരീക്ഷവും അനുഭവപ്പെട്ടതായും യുവതി കൂട്ടിച്ചേർത്തു.







Comments