
ഈജിപ്തിലെ ഗിസയിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ അഞ്ചുവയസുകാരനെ അതിവേഗം ഓടിയെത്തി കൈകളിൽ പിടിച്ച് രക്ഷിച്ച് കടയുടമ. അർദ് എൽ-ലിവ പ്രദേശത്താണ് സംഭവം. കടയ്ക്ക് സമീപത്തുണ്ടായിരുന്ന അഹമ്മദ് റഗബ് എന്ന യുവാവാണ് കുട്ടിയെ രക്ഷിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ റഗബിന് അഭിനന്ദനപ്രവാഹമാണ്.
സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന റഗബ് ബഹളം കേട്ടതോടെയാണ് മുകളിലേക്ക് നോക്കിയത്. ബാൽക്കണിയിൽ നിന്ന് കുട്ടി താഴേക്ക് വീഴുന്നത് കണ്ടതോടെ ഒരു നിമിഷം പോലും പാഴാക്കാതെ കുട്ടി വീഴാനിടയുള്ള സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. താഴേക്ക് പതിക്കുന്നതിനിടെ കുട്ടി ആദ്യം ഒരു വസ്ത്രം ഉണക്കാനുള്ള കയറിൽ തട്ടിയതും വീഴ്ചയുടെ വേഗം അൽപം കുറച്ചതായാണ് റിപ്പോർട്ട്. പിന്നാലെ റഗബ് കുട്ടിയെ നിലത്ത് പതിക്കുന്നതിന് തൊട്ടുമുമ്പ് കൈകളിൽ പിടിക്കുകയായിരുന്നു.
കുട്ടിയെ രക്ഷിച്ച ശേഷം റഗബ് തന്നെ ഏറെ നേരം സംഭവത്തിന്റെ ഞെട്ടലിലായിരുന്നു. സമീപത്തുണ്ടായിരുന്ന മെത്തയിൽ ചാരിനിന്ന് ശ്വാസം വീണ്ടെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തെക്കുറിച്ച് സംസാരിക്കവെ, കുട്ടിയെ രക്ഷിക്കാനാകുമോ എന്ന് ചിന്തിക്കാൻ പോലും സമയം ലഭിച്ചില്ലെന്നും താൻ സ്വാഭാവികമായി ഓടിയെത്തുകയായിരുന്നുവെന്നും റഗബ് പറഞ്ഞു. തന്റെ സുരക്ഷയെക്കുറിച്ച് ചിന്തിച്ചില്ലെന്നും ഒരു കുട്ടി താഴേക്ക് വീഴുന്നത് കണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
റഗബിന്റെ സമയോചിതമായ ഇടപെടലിന് സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. എന്നാൽ താൻ നായകനാണെന്ന വിശേഷണം റഗബ് നിരസിച്ചു. കുട്ടിയുടെ ജീവൻ രക്ഷിക്കുക മാത്രമായിരുന്നു ആ നിമിഷത്തിലെ തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ ബാൽക്കണികൾക്കും ജനലുകൾക്കും സമീപം ഒറ്റയ്ക്ക് വിടരുതെന്നും കസേര പോലുള്ള വസ്തുക്കൾ അവിടെയിടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും റഗബ് മുന്നറിയിപ്പ് നൽകി.







Comments