
മിഷിഗണിലെ ഒരു എസ്റ്റേറ്റ് വിൽപ്പനയിൽ നിന്ന് വെറും 30 ഡോളറിന് വാങ്ങിയ പഴയൊരു ചിത്രം ഒടുവിൽ വിറ്റത് 1.35 മില്യൺ ഡോളറിന്. ചിക്കാഗോയിലെ പ്രശസ്ത കലാകാരി ജെർട്രൂഡ് അബർക്രോംബിയുടെ 1951-ലെ ‘Alderman Merriam’s Shells’ എന്ന ചിത്രമാണ് ന്യൂയോർക്കിലെ ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റത്. പതിറ്റാണ്ടുകളായി കാണാതായിരുന്ന ചിത്രം അപ്രതീക്ഷിതമായി എസ്റ്റേറ്റ് വിൽപ്പനയിൽ കണ്ടെത്തുകയായിരുന്നു.
വിന്റേജ് ഫർണിച്ചറുകളും വിനൈൽ റെക്കോർഡുകളും അന്വേഷിച്ചെത്തിയ ഒരാളാണ് എസ്റ്റേറ്റ് വിൽപ്പനയ്ക്കിടെ ചിത്രത്തിലേക്ക് ശ്രദ്ധ തിരിച്ചത്. ചിത്രത്തിന്റെ ഒരു മൂലയിൽ ‘abercrombie ’51’ എന്ന ഒപ്പ് കണ്ടതോടെയാണ് സംശയം തോന്നിയത്. പിന്നീട് മിൽവാക്കി ആർട്ട് മ്യൂസിയത്തിലെ അബർക്രോംബിയുടെ പ്രദർശനത്തിന്റെ കാറ്റലോഗിൽ ഇതേ ചിത്രത്തിന്റെ പഴയ ഫോട്ടോ കണ്ടെത്തിയതോടെയാണ് അതിന്റെ യഥാർഥ മൂല്യം തിരിച്ചറിഞ്ഞത്.
വെറും 30 ഡോളറിന് വാങ്ങിയ ചിത്രത്തിന് ലേലത്തിന് മുമ്പ് 1.5 ലക്ഷം മുതൽ 2.5 ലക്ഷം ഡോളർ വരെ വില ലഭിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഒക്ടോബർ ഒന്നിന് നടന്ന ലേലത്തിൽ അഞ്ച് ഫോൺ ബിഡർമാരും നിരവധി ഓൺലൈൻ ബിഡർമാരും മത്സരിച്ചതോടെ വില കുതിച്ചുയർന്നു. ഒടുവിൽ 1,352,600 ഡോളറിനാണ് ചിത്രം വിറ്റത്. അബർക്രോംബിയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ലേലത്തുകയാണിത്.







Comments