
കാനഡയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരന് കുടുംബത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഏറെ സന്തോഷമുള്ള ദിവസമായിരുന്നു. എന്നാൽ, വിദേശത്തായതിനാൽ ആ സന്തോഷത്തിൽ നേരിട്ട് പങ്കുചേരാൻ കഴിയില്ലെന്ന വിഷമവും അദ്ദേഹത്തിനുണ്ടായിരുന്നു. “ഇത്രയും പണം സമ്പാദിച്ചിട്ട് എന്താണ് കാര്യം, കുടുംബത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒപ്പമുണ്ടാകാൻ കഴിയുന്നില്ലെങ്കിൽ?” എന്ന ചിന്തയാണ് ഒടുവിൽ അദ്ദേഹത്തെ ഒരു അപ്രതീക്ഷിത തീരുമാനത്തിലേക്ക് നയിച്ചത്.
കുടുംബത്തെ അറിയിക്കാതെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നെത്തുകയായിരുന്നു അദ്ദേഹം. ഗൃഹപ്രവേശന ചടങ്ങിനിടെ അപ്രതീക്ഷിതമായി വീട്ടിലെത്തിയതോടെ കുടുംബാംഗങ്ങൾ അമ്പരന്നു. വിദേശത്തുള്ള മകൻ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ, ആരും പ്രതീക്ഷിക്കാത്ത സമയത്ത് നേരിൽ പ്രത്യക്ഷപ്പെട്ടതോടെ സന്തോഷവും അത്ഭുതവും ഒരുമിച്ചെത്തുകയായിരുന്നു. ദൂരെ താമസിക്കുന്നതിന്റെ ഏറ്റവും മനോഹരമായ വശങ്ങളിലൊന്ന്, ഇത്തരത്തിൽ അപ്രതീക്ഷിതമായി വീട്ടിലെത്തി പ്രിയപ്പെട്ടവരെ സർപ്രൈസ് ചെയ്യാനാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. പണം സമ്പാദിക്കുന്നതിനൊപ്പം കുടുംബത്തോടൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങൾക്കും പ്രാധാന്യം നൽകണമെന്ന സന്ദേശമാണ് പലരും പങ്കുവെച്ചത്. വിദേശത്ത് ജോലി ചെയ്ത് മികച്ച വരുമാനം നേടുമ്പോഴും സ്വന്തം ആളുകളുടെ സന്തോഷങ്ങളിൽ പങ്കുചേരാൻ കഴിയുന്നതാണ് യഥാർത്ഥ സമ്പാദ്യമെന്ന ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ രസകരമായ കുടുംബ സർപ്രൈസ്.







Comments