
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് സമാന്ത റൂത്ത് പ്രഭു. വ്യക്തിജീവിതത്തിലെ പല പ്രതിസന്ധികളെയും തരണം ചെയ്ത് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്ന്നെഴുന്നേറ്റ താരം കൂടിയാണ് സമാന്ത. നാഗചൈതന്യയുമായുള്ള വിവാഹമോചനവും പിന്നാലെയെത്തിയ ‘മയോസിറ്റിസ്’ എന്ന അപൂർവ ഓട്ടോഇമ്മ്യൂൺ പേശി രോഗവുമൊക്കെ താരത്തെ മാനസികമായും ശാരീരികമായും തളര്ത്താന് ശ്രമിച്ചെങ്കിലും താരം അതിനെയെല്ലാം കീഴ്പ്പെടുത്തി കരിയറിലും വ്യക്തിജീവിതത്തിലുമിപ്പോള് തിളങ്ങി നില്ക്കുകയാണ്.
കരിയറിലെ തിളക്കത്തിനിടയില് തന്നെയാണ് താരം കഴിഞ്ഞ വർഷം ഡിസംബറില് സംവിധായകനായ രാജ് നിദിമോരുവിനെ വിവാഹം ചെയ്തത്. മാസങ്ങൾക്ക് ശേഷം ‘മാ ഇന്റി ബംഗാരം’ എന്ന ചിത്രത്തിന്റെ വിജയഘോഷത്തിനിടെ താന് അമ്മയാകാനൊരുങ്ങുവെന്ന സന്തോഷവും താരം പങ്കുവച്ചു. അമ്മയാകാനൊരുങ്ങുന്ന നടി സമാന്ത റൂത്ത് പ്രഭുവിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്ക് എപ്പോഴും വലിയ ആവേശമാണ്. ഗർഭകാലത്തെ മനോഹരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം പല സാമൂഹിക വിഷയങ്ങളിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാറുണ്ട്.
ഇപ്പോഴിതാ സമൂഹത്തിലെ ഇരട്ടത്താപ്പുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു പോസ്റ്റ് പങ്കിടുകയാണ് സാമന്ത റൂത്ത് പ്രഭു. ലൈംഗികത്തൊഴിലാളികൾ കടുത്ത വിമർശനങ്ങൾക്കും വിധിക്കപ്പെടലിനും ഇരയാകുമ്പോൾ, അവരുടെ സേവനം തേടുന്നവർ എന്തുകൊണ്ട് അത്തരം വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടുന്നു എന്ന ചോദ്യമാണ് തന്റെ ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെ സമാന്ത ചോദിച്ചത്.
‘‘നമുക്ക് ഇനിയും മാറാൻ സാധിക്കും. ലൈംഗികത്തൊഴിലാളികളെ മാത്രം ജഡ്ജ് ചെയ്യുകയും അവരുടെ ഉപഭോക്താക്കളെ വെറുതെ വിടുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്; ഒറ്റയ്ക്ക് കുട്ടികളെ വളർത്തുന്ന അമ്മമാർ വിധിക്കപ്പെടുന്നു, എന്നാൽ അസാന്നിധ്യം പാലിക്കുന്ന പിതാക്കന്മാരെ വിമര്ശിക്കുന്നില്ല, ബലാത്സംഗത്തിനിരയായവരെയാണ് ആളുകൾ ജഡ്ജ് ചെയ്യുന്നത്, അല്ലാതെ ബലാത്സംഗം ചെയ്തവരെയല്ല; അതുപോലെ, സത്യം മൂടിവെക്കുന്നവരെയും വെറുതെ വിടുകയും അതിനെതിരെ ശബ്ദമുയർത്തുന്നവരെ വിമര്ശിക്കുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്...’’ എന്നാണ് സമാന്ത ഇന്സ്റ്റഗ്രാം സ്റ്റോറിയില് കുറിച്ചത്. സമാന്തയുടെ സ്റ്റോറി നിമിഷനേരം കൊണ്ട് വൈറലായി. നിരവധി പേരാണ് താരത്തിന്റെ ഈ തുറന്നു പറച്ചിലിന് നിറഞ്ഞ കൈയടി നല്കുന്നത്.







Comments