
തോമസ് ജെയിംസ് എന്നാണ് യഥാര്ത്ഥ പേരെങ്കിലും മണിക്കുട്ടന് എന്ന പേരിലൂടെ പ്രേക്ഷകമനസ്സിലിടം പിടിച്ച താരമാണ് മണിക്കുട്ടന്. ബാലതാരമായി ബിഗ്സ്ക്രീനില് തുടക്കം കുറിച്ചെങ്കിലും ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിലെ ടൈറ്റില് ക്യാരക്ടറിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില് തന്റേതായ സ്ഥാനം കണ്ടെത്താന് മണിക്കുട്ടന് കഴിഞ്ഞു. ക്യാരക്ടര് റോളുകളടക്കം ചെയ്ത് താരമിപ്പോഴും ബിഗ്സ്ക്രീനില് തിളങ്ങി നില്ക്കുകയാണ്.
ഇപ്പോഴിതാ നടനും സംവിധായകനുമായ പൃഥ്വിരാജിനെ കുറിച്ച് മണിക്കുട്ടന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല് മീഡിയ ഏറ്റെടുക്കുന്നത്. തന്റെ കുട്ടിക്കാലത്ത് ഉണ്ടായ അനുഭവം പങ്കുവച്ച താരം, വിന്നി മണ്ടേല ചീഫ് ഗസ്റ്റായി വന്ന പരിപാടിയെക്കുറിച്ചാണ് പറഞ്ഞത്. അന്ന് പൃഥ്വിരാജ് സംസാരിച്ച ഇംഗ്ലീഷ് കേട്ട് വിന്നി തന്നോട് പറഞ്ഞത് ലക്ഷങ്ങളുടെ പയ്യനാണ് എന്നാണ് പറഞ്ഞതെന്ന് മണിക്കുട്ടന് ഓര്ത്തെടുക്കുന്നു.
‘‘രാജുവിനെ ആദ്യമായി പരിചയപ്പെടുന്നത് ഞാന് അഭിനയിച്ച വര്ണ്ണച്ചിറകുകള് എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോക്കിടയില് വെച്ചാണ്. പരിപാടിയ്ക്ക് ചീഫ് ഗസ്റ്റായി എത്തിയത് നെല്സണ് മണ്ടേല സാറിന്റെ പങ്കാളിയായ വിനി മണ്ടേലയായിരുന്നു. വിനി മാം ചീഫ് ഗസ്റ്റായത് കൊണ്ട് ഇംഗ്ലീഷ് അറിയുന്ന ആളെയായിരുന്നു അവതാരകനായി വേണ്ടിയിരുന്നത്. പൃഥ്വിയായിരുന്നു അന്ന് ആങ്കറായി എത്തിയത്. ഞാന് നായകനായി അഭിനയിക്കുന്ന സിനിമയുടെ പരിപാടി ഹോസ്റ്റ് ചെയ്യാന് വന്നയാളാണ് രാജു. അന്നെനിക്ക് രാജുവിനെ അറിയാം.
അന്നത്തെ പരിപാടിയ്ക്ക് ശേഷം വിന്നി മാം അദ്ദേഹത്തിന്റെ ഉച്ചാരണത്തെയെല്ലാം ഭയങ്കരമായി അഭിനന്ദിച്ചിരുന്നു. സിനിമയില് നായകനായത് കൊണ്ട് വിനി മാമിന്റെ കൂടെയായിരുന്നു ഇരുന്നത്. സൂക്ഷിച്ച് വെച്ചോളൂ, ലക്ഷങ്ങളുടെ പയ്യനാണ്, കൂടെ കട്ടയ്ക്ക് നില്ക്കണം എന്നാണ് രാജുവിനെ കുറിച്ച് അവര് എന്നോട് പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ അനന്തഭദ്രം എന്ന സിനിമ കാണാന് പോയപ്പോള് അവിടെ വെച്ചാണ് ഞങ്ങള് കാണുന്നത്. പിന്നീട് ഒട്ടനവധി തവണ കണ്ടു. ഒരു സംവിധായകനെന്ന നിലയില് വളരെ സ്വീറ്റായിട്ടാണ് ആദ്ദേഹം ആര്ട്ടിസ്റ്റുകളെ സമീപിക്കുന്നത്...’’ മണിക്കുട്ടന് പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം പൃഥ്വിയെക്കുറിച്ച് സംസാരിച്ചത്. പൃഥ്വിയുടെ സംവിധാനത്തില് കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ എമ്പുരാനില് മണിക്കുട്ടന് ഒരു പ്രധാന വേഷം ചെയ്തിരുന്നു.







Comments