
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സാങ്കേതിക വിദ്യ നിലവില് വന്നതോടെ ആര്ക്കും എന്തും ചെയ്യാമെന്നൊരു അവസ്ഥയായി മാറിയിട്ടുണ്ട്. ആരുടെ ചിത്രങ്ങളായാലും അത് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഹോട്ടായും ഗ്ലാമറസ്സായും മാറ്റിയെടുത്ത് വ്യക്തിഹത്യ ചെയ്യാവുന്ന തലത്തിലേക്കത് മാറി. തെറ്റായ വാർത്തകളും വ്യാജ ദൃശ്യങ്ങളും എളുപ്പത്തിൽ നിർമ്മിച്ച് പ്രചരിപ്പിക്കുക, സ്വകാര്യതയ്ക്ക് ഭീഷണിയായി മാറുക, എന്നിങ്ങനെ നിർമ്മിത ബുദ്ധിയുടെ ധാർമ്മിക വെല്ലുവിളികള് അനവധിയാണ്.
ഇക്കഴിഞ്ഞ ദിവസം കൊരട്ടല ശിവ സംവിധാനം ചെയ്ത ‘ദേവര: പാർട്ട് 1’ എന്ന ചിത്രത്തിലെ ‘ചുട്ടമല്ലെ’ ഗാനത്തിലെ ജാൻവി കപൂറിന്റെ ദൃശ്യങ്ങൾ എ.ഐ. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് സോഷ്യല് മീഡിയയില് പ്രചരിപ്പിച്ചത് വന് വിവാദമായി മാറിയിരുന്നു. സംഭവത്തിൽ ജാൻവിയും സഹതാരം ജൂനിയർ എൻടിആര് ഉൾപ്പെടെ തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേര് ഈ വ്യക്തിഹത്യയ്ക്കെതിരെ പ്രമുഖർ പ്രതിഷേധം രേഖപ്പെടുത്തി സോഷ്യല് മീഡിയ പോസ്റ്റുകളും പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ സംവിധായകൻ രാം ഗോപാൽ വർമ്മയും ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ പ്രചരിപ്പിച്ചയാളെ കണ്ടെത്തുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നതെന്നും, പകരം താരങ്ങളുടെ പ്രതികരണങ്ങൾ വീഡിയോയ്ക്ക് കൂടുതൽ പ്രചാരം നൽകുകയാണ് ചെയ്തതെന്നുമാണ് രാം ഗോപാൽ വർമ്മയുടെ വിമർശനം.
‘‘എല്ലാ സെലിബ്രിറ്റികളും വിജയിച്ചത് ഒരൊറ്റ കാര്യത്തിലാണ്, ആക്ഷേപകരമായ ലിങ്ക് പരസ്യപ്പെടുത്തുകയും അതുവഴി കോടിക്കണക്കിന് ആളുകളെക്കൊണ്ട് അത് കാണിക്കുകയുമാണ് അവർ ചെയ്തത്. കുറ്റവാളിയെ പിടികൂടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് പരസ്യപ്പെടുത്തുകയുമായിരുന്നു ബുദ്ധിപരമായ നടപടി. എന്നാൽ അതിനുപകരം, ഇരയുടെ വ്യക്തിവിവരങ്ങളും ആക്ഷേപകരമായ ഉള്ളടക്കവും ട്വീറ്റ് ചെയ്ത് അവയിലേക്ക് വൻതോതിൽ ശ്രദ്ധ ആകർഷിക്കുകയാണ് അവർ ചെയ്തത്; ഇതും ഒരു കുറ്റകൃത്യമാണ്...’’ എന്നാണ് രാം ഗോപാല് വര്മ്മ എക്സിലൂടെ കുറിച്ചത്. ആര്ജിവിയുടെ ഈ ട്വീറ്റിനെ പിന്തുണച്ച് നിരവധി ആളുകളാണ് കമന്റുകള് കുറിച്ചിരിക്കുന്നത്. തീര്ത്തും സത്യസന്ധമായ കാര്യമെന്നാണ് പലരും കമന്റുകളിട്ടിരിക്കുന്നത്.







Comments