
വിയറ്റ്നാമിലെ സൈഗോണിലുള്ള ഒരു കടയിൽ കനേഡിയൻ ലൈവ് സ്ട്രീമറും രണ്ട് ഇന്ത്യക്കാരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലെത്തിയ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യക്കാരെ ക്യാമറയിൽ പകർത്തുന്നതിനിടെ ചിത്രീകരണം നിർത്തണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും സ്ട്രീമർ തയ്യാറായില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണുന്നത്. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കം രൂക്ഷമായി.
തങ്ങളെ ചിത്രീകരിക്കരുതെന്നും ക്യാമറ മാറ്റിവെക്കണമെന്നും ഇന്ത്യക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ സ്ട്രീമർ ചിത്രീകരണം തുടരുകയായിരുന്നു. ഇതിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. തർക്കത്തിനിടെ സ്ട്രീമർ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതായും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. സംഭവം കൂടുതൽ രൂക്ഷമായതോടെ സ്ട്രീമറോട് കടയിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് ക്യാമറ മാറ്റിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യക്കാർ സ്ട്രീമറെ പുറത്തേക്ക് നീക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരാൾ മുഖത്തടിച്ചത്. അടി കിട്ടിയ ശേഷവും സ്ട്രീമർ ചിത്രീകരണം നിർത്തിയില്ല. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും തത്സമയം സംപ്രേഷണം ചെയ്തതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. അപരിചിതർ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും സ്ട്രീമർ ക്യാമറ മാറ്റാതിരുന്നത് ശരിയായില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം. അതേസമയം, പ്രകോപനം ഉണ്ടായാലും ശാരീരികമായി പ്രതികരിച്ചത് അംഗീകരിക്കാനാകില്ലെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുടെ അനുമതിയില്ലാതെ ചിത്രീകരിച്ച് തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന്റെ പരിധിയും സ്വകാര്യതയും സംബന്ധിച്ച ചർച്ചകൾക്കും സംഭവം വഴിവെച്ചിരിക്കുകയാണ്.







Comments