
ന്യൂഡല്ഹി: ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡല്ഹിയില് പ്രതിപക്ഷത്തിന്റെ വന് ശക്തിപ്രകടനം. 25 വിവിധ പാര്ട്ടികളില് പെട്ട നേതാക്കള് ഉള്പ്പെട്ട 184 എംപിമാരുടെ പ്രതിഷേധമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് നടക്കുന്ന എംപിമാരുടെ മാര്ച്ച് തടയപ്പെട്ടതിനെ തുടര്ന്ന് രാഹുല്ഗാന്ധി അടക്കമുള്ളവര് വഴിയില് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
'ഡെമോക്രസി സംരക്ഷിക്കുക' എന്നെഴുതിയ ബാനറുകള് പിടിച്ചും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യങ്ങള് വിളിച്ചുമാണ് ഇന്ഡ്യാബ്ളോക്ക് എം.പിമാര് തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനമായ നിര്വാചന് സദനിലേക്ക് നീങ്ങിയിരിക്കുന്നത്. ആകാശവാണി ഭവന് മുന്നിലാണ് മാര്ച്ച് തടയപ്പെട്ടിരിക്കുന്നത്. തുടര്ന്ന് തെരുവില് പോലീസുമായി ഉന്തുംതള്ളുമുണ്ടായി. ഡി.എം.കെ., ആം ആദ്മി പാര്ട്ടി എന്നീ രണ്ട് പ്രമുഖ പ്രതിപക്ഷ പാര്ട്ടികള് മാര്ച്ചില് നിന്ന് വിട്ടുനിന്നു. ഫെബ്രുവരിയില് അഞ്ച് സംസ്ഥാനങ്ങളില് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള് വരെ വിഷയം സജീവമായി നിലനിര്ത്താനാണ് കോണ്ഗ്രസിന്റെയും സമാജ്വാദി പാര്ട്ടിയുടേയും നീക്കം.
തിരഞ്ഞെടുപ്പ് കമ്മീഷനെ ഇപ്പോള് 'ചീറ്റിംഗ് കമ്മീഷന്' എന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. ഒക്ടോബര് 10 മുതല് 20 വരെ ബ്ലോക്ക് തലത്തില് 'വോട്ട് സംരക്ഷിക്കുക, രാജ്യം സംരക്ഷിക്കുക' കാമ്പയിന് നടത്തും. ഇതിന്റെ ഭാഗമായി സൈക്കിള്, മോട്ടോര്സൈക്കിള് റാലികള്, ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കല്, ലഘുലേഖ വിതരണം എന്നിവ പാര്ട്ടി പ്രവര്ത്തകര് സംഘടിപ്പിക്കും. തുടര്ന്ന് ഒക്ടോബര് 25 മുതല് നവംബര് 25 വരെ മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെ പങ്കാളിത്തത്തോടെ ബൂത്ത് തലത്തില് പൊതുയോഗങ്ങള് സംഘടിപ്പിക്കും.
നവംബര് 1-ന് ഡല്ഹി രാംലീല മൈതാനിയില് വന് പ്രക്ഷോഭ റാലി നടക്കും. നവംബര് 25, 26 തീയതികളില് ഡല്ഹിയുടെ വിവിധ ഭാഗങ്ങളില് നിന്ന് 'ചലോ ഡല്ഹി' പരിപാടിയുടെ ഭാഗമായി ആറ് വ്യത്യസ്ത മാര്ച്ചുകള് ആരംഭിക്കും. ഓരോ മാര്ച്ചും ഓരോ നേതാവ് വീതം നയിക്കും. ഈ മാര്ച്ചുകളെല്ലാം നവംബര് 26-ന് ഭരണഘടനാ ദിനത്തില് ഡല്ഹിയില് സംഗമിക്കും.
നവംബര് 26-ന് ശേഷമാണ് പാര്ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. ഈ സമ്മേളനത്തില് വിഷയം ഉന്നയിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്ക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുമാണ് കോണ്ഗ്രസ് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ നടപടികളും പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധമായ തീരുമാനങ്ങള് ഏകകണ്ഠമായി എടുത്തില്ലെങ്കില് അവ സ്റ്റേ ചെയ്യപ്പെടാന് സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.







Comments