
ജന്മദിനം വ്യത്യസ്തമായി ആഘോഷിച്ച് ശ്രദ്ധ നേടുകയാണ് സംരംഭകനായ അഭിഷേക് അഗർവാൾ. സാധാരണ ആഘോഷങ്ങൾക്ക് പകരം തുടർച്ചയായി 90 മണിക്കൂർ ഭക്ഷണം കഴിക്കാതെ ഉപവസിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. സ്വന്തം ശാരീരികവും മാനസികവുമായ പരിധികൾ പരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നാല് ദിവസത്തോളം നീണ്ട ഈ വെല്ലുവിളി. അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.
എല്ലാ ജന്മദിനത്തിലും തന്റെ പരിധികളെ പരീക്ഷിക്കുന്ന തരത്തിലുള്ള ഒരു വെല്ലുവിളി ഏറ്റെടുക്കാറുണ്ടെന്ന് അഗർവാൾ പറഞ്ഞു. ഇത്തവണ ‘വിശപ്പും ഇച്ഛാശക്തിയും തമ്മിലുള്ള പോരാട്ടം’ എന്ന രീതിയിലാണ് 90 മണിക്കൂർ ഉപവാസം തിരഞ്ഞെടുത്തത്. ആദ്യ ദിവസം വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ലെന്നും വെല്ലുവിളി എളുപ്പമാണെന്ന് പോലും തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രണ്ടാം ദിവസം എത്തിയപ്പോൾ എന്തിനാണ് ഇത്തരമൊരു വെല്ലുവിളി ഏറ്റെടുത്തതെന്ന് സ്വയം ചോദിച്ചുപോയെന്നും അദ്ദേഹം കുറിച്ചു.
മൂന്നാം ദിവസം വലിയ പ്രതികരണങ്ങളൊന്നുമില്ലാതെ കടന്നുപോയെന്നും നാലാം ദിവസം, അതായത് ജന്മദിനത്തിൽ, മാസങ്ങളായി അനുഭവിച്ചിട്ടില്ലാത്തത്ര വ്യക്തമായ മനസോടെയാണ് താൻ ഉണർന്നതെന്നും അഗർവാൾ പറഞ്ഞു. ഇന്നത്തെ ജീവിതരീതിയും ഈ പരീക്ഷണത്തിന് പിന്നിലെ ഒരു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് മിനിറ്റിനുള്ളിൽ ഭക്ഷണം വീട്ടിലെത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. മണിക്കൂറുകളോളം ഫോണിൽ തുടർച്ചയായി സമയം ചെലവഴിക്കാനും സാധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഏകദേശം നാല് ദിവസം ഭക്ഷണമില്ലാതെ കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് അറിയാനായിരുന്നു തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
90 മണിക്കൂർ പൂർത്തിയാക്കിയപ്പോൾ മനുഷ്യർ കരുതുന്നതിലും കൂടുതൽ അസ്വസ്ഥതകൾ സഹിക്കാൻ കഴിവുള്ളവരാണെന്ന് മനസ്സിലായതായി അഗർവാൾ അവകാശപ്പെട്ടു. ഈ അനുഭവം കൂടുതൽ ശക്തനാണെന്ന തോന്നലും പുതിയ ആത്മവിശ്വാസവും നൽകിയെന്നും അദ്ദേഹം പറഞ്ഞു. സംരംഭകന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ സ്വന്തം പരിധികൾ പരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പ്രതികരണങ്ങളും എത്തി. ചിലർ വെല്ലുവിളിയെ അഭിനന്ദിച്ചപ്പോൾ, ശരീരത്തിന്റെ ആവശ്യങ്ങളും പരിധികളും തിരിച്ചറിയുന്നത് അത്രതന്നെ പ്രധാനമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.







Comments