
ഇന്ത്യയിലേക്ക് എത്തുന്നതിന് മുമ്പ് പലരും നൽകിയ മുന്നറിയിപ്പുകൾ തന്നെ ഭയപ്പെടുത്തിയിരുന്നുവെന്ന് പോർച്ചുഗൽ സ്വദേശിനിയായ അന പറയുന്നു. ഉപദ്രവം, മോഷണം, തുറിച്ചുനോട്ടം തുടങ്ങിയ അനുഭവങ്ങൾ നേരിടേണ്ടിവരുമെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഇന്ത്യയിലെത്തിയ ആദ്യ ഒരു മാസത്തോളം ഒറ്റയ്ക്ക് വാഹനങ്ങളിൽ കയറി യാത്ര ചെയ്യുന്നതിൽ നിന്ന് പോലും താൻ വിട്ടുനിന്നുവെന്നും യുവതി പറഞ്ഞു.
എന്നാൽ ഇന്ത്യയിൽ യാത്ര ചെയ്തുതുടങ്ങിയതോടെ തനിക്ക് ലഭിച്ച അനുഭവങ്ങൾ ഭയത്തിന് നേർവിപരീതമായിരുന്നുവെന്നാണ് അനയുടെ വാക്കുകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ തന്നെ സഹായിച്ചെന്നും പരിചയപ്പെട്ട പുരുഷന്മാരിൽനിന്ന് പോലും വളരെ നല്ല പെരുമാറ്റമാണ് ലഭിച്ചതെന്നും യുവതി പങ്കുവെച്ചു. ഇതിനൊപ്പം ഇന്ത്യയിലെ യാത്രാനുഭവങ്ങളുടെ ദൃശ്യങ്ങളും അവർ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.
യുവതി പങ്കുവെച്ച ദൃശ്യങ്ങളിൽ ഇന്ത്യൻ പുരുഷന്മാരുമായി നടത്തിയ വിവിധ ഇടപെടലുകളും കാണാം. ഒരാൾക്കൊപ്പം നൃത്തം ചെയ്യുന്നതും മറ്റൊരാൾ തന്റെ ഷൂവിന്റെ കെട്ട് കെട്ടാൻ സഹായിക്കുന്നതുമടക്കമുള്ള നിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ഹരിയാന, പഞ്ചാബ്, കശ്മീർ, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് അന ഇതിനകം യാത്ര ചെയ്തത്.
പോർച്ചുഗലിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് വാഹനങ്ങളിൽ കയറി യാത്ര ചെയ്ത് എത്തുകയെന്ന വലിയ യാത്രയുടെ ഭാഗമായാണ് അന ഇന്ത്യയിലെത്തിയത്. ഇന്ത്യയിലും നേപ്പാളിലും അടുത്ത ഒന്നര വർഷത്തോളം യാത്ര തുടരാനാണ് യുവതിയുടെ പദ്ധതി. 19-ാം വയസിൽ ഒറ്റയ്ക്കുള്ള യാത്രകൾ ആരംഭിച്ച തനിക്ക് ഇപ്പോൾ ഏറെ നാളായി മനസിലുള്ള വലിയ യാത്ര യാഥാർഥ്യമാക്കാനായതിന്റെ സന്തോഷവും അന പങ്കുവെച്ചു.







Comments