
രാജ കറുപ്പുസാമിയുടെ സംവിധാനത്തിൽ റിഷികാന്ത്, അനിഷ്മ അനില്കുമാര് എന്നിവര് പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര് ഹിറ്റ് ചിത്രം 'മൊദ രാത്രി'യെ പ്രശംസിച്ച് നടന് മാധവന്. വളരെക്കാലത്തിന് ശേഷം താന് ഏറെ ആസ്വദിച്ച് കണ്ട ചിത്രമാണിതെന്നും, എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്നും മാധവന് സമൂഹമാധ്യമങ്ങളില് കുറിച്ചു.
‘എന്തൊരു അത്ഭുതകരമായ സിനിമ. വളരെക്കാലത്തിന് ശേഷമാണ് ഒരു തമിഴ് സിനിമ ഇത്രയധികം ആസ്വദിച്ചത്. മികച്ച തിരക്കഥ, മനോഹരമായ ദൃശ്യാവിഷ്കരം, അസാധാരണമായ പ്രകടനങ്ങള്. വളരെക്കാലത്തിന് ശേഷം ഞാന് മനസ്സ് തുറന്നു ചിരിച്ചു, ഒപ്പം ആര്പ്പുവിളിക്കുകയും കൈയടിക്കുകയും ചെയ്തു. മുഴുവന് ടീമിനും അഭിനേതാക്കള്ക്കും, അണിയറപ്രവര്ത്തകര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്. ദൈവം നിങ്ങള്ക്ക് കൂടുതല് ശക്തി നല്കട്ടെ’ എന്നായിരുന്നു മാധവന്റെ വാക്കുകള്.
നടന്റെ പോസ്റ്റിനു താഴെ സംവിധായകന് രാജ കറുപ്പുസാമിയും അനിഷ്മയും നന്ദി അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ നടനും സംവിധായകനുമായ ധനുഷും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഹൃദ്യമായ അനുഭവം എന്നായിരുന്നു ധനുഷ് വിശേഷിപ്പിച്ചത്.
ഓഗസ്റ്റ് 21 നാണ് മൊദ രാത്രി തിയേറ്ററുകളിലെത്തിയത്. മികച്ച കളക്ഷനായിരുന്നു സിനിമ സ്വന്തമാക്കിയത്. അനിഷ്മയെയും റിഷികാന്തിനെയും കൂടാതെ ചേതന്, എ. വെങ്കിടേഷ്, ഷെല്ലി കിഷോര്, സംഗീത ബാലന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.







Comments