
‘ഉപ്പും മുളകും’ എന്ന സിറ്റ്കോം പരമ്പരയിലെ ശിവ എന്ന ശിവാനി ബാലചന്ദ്രൻ തമ്പിയായി മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ബാലതാരമാണ് ശിവാനി മേനോൻ. ഒട്ടും ഹേറ്റേഴ്സ് ഇല്ലാത്ത ജനപ്രീതി നേടിയ ഈ പരമ്പരയിലൂടെ തന്നെ ശിവാനിയുടെ വളര്ച്ചയും കുടുംബപ്രേക്ഷകര് കണ്ടു. സ്വാഭാവികമായ സാന്നിധ്യവും കുസൃതിയുമാണ് ശിവയെ പ്രേക്ഷകര് സ്വീകരിക്കാനുള്ള കാരണം. കേശു-ശിവാനി കോമ്പോയ്ക്ക് ആരാധകർ ഏറെയായിരുന്നു.
ചെറിയ പ്രായം മുതൽ അഭിനയ രംഗത്ത് തിളങ്ങുന്ന ശിവാനി നർത്തകി കൂടിയാണ്. സോഷ്യല് മീഡിയയിലൂടെ ശിവാനി പങ്കിടുന്ന ഡാൻസ് റീലുകൾക്കും നിരവധി ആരാധകരാണുള്ളത്. നിലവില് ‘ഡാൻസ് ധമാക്ക’യിലെ മത്സരാർത്ഥിയാണ് ശിവാനി.
ഇപ്പോഴിതാ ‘ഡാൻസ് ധമാക്ക’യിലെ ഏറ്റവും പുതിയ എപ്പിസോഡിൽ അമ്മയെക്കുറിച്ച് സംസാരിക്കുന്നതിനിടെ വികാരഭരിതയായ ശിവാനിയുടെ വീഡിയോയാണ് സോഷ്യല് മീഡിയയില് ഇടം പിടിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് വിശേഷിപ്പിക്കാവുന്ന അമ്മയെ കുറിച്ചാണ് ശിവാനി സംസാരിച്ചത്. ശിവാനി എങ്ങനെയാണ് ഇത്രയും ഊർജസ്വലയും ആത്മവിശ്വാസമുള്ള വ്യക്തിത്വമായി വളർന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
“ഞാൻ ഏത് വേദിയിൽ കയറുമ്പോഴും എപ്പോഴും പറയുന്ന കാര്യമാണ് എന്റെ സൂപ്പർപവർ, എന്റെ സൂപ്പർവുമൺ എന്റെ അമ്മയാണെന്നുള്ളത്. അമ്മ സ്വന്തം കരിയർ ഉപേക്ഷിച്ചു. തനിക്കുണ്ടായിരുന്ന എല്ലാം ഉപേക്ഷിച്ചു. അമ്മയ്ക്ക് നേടിയെടുക്കാൻ കഴിയാതെ പോയ സ്വപ്നങ്ങൾ ഞാൻ നേടിയെടുക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് അമ്മ എപ്പോഴും എനിക്കൊപ്പം നിന്നത്. എന്റെ അമ്മയില്ലെങ്കിൽ ഞാൻ ആരുമല്ല... ഒന്നുമല്ല. ഞാൻ അമ്മയ്ക്കായി എല്ലാം നൽകും. എന്റെ അമ്മയ്ക്കുള്ള കഴിവിന്റെ പത്തിലൊന്ന് പോലും എനിക്ക് ലഭിച്ചിട്ടില്ല.
അച്ഛനും എന്റെ സ്വപ്നങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്. അച്ഛൻ ഇവിടെ വന്നിട്ടില്ല. കാരണം അദ്ദേഹം മിക്കപ്പോഴും ജോലിയിലായിരിക്കും. ഇത്രയും കഠിനമായി ജോലി ചെയ്യുന്ന ഒരാൾക്ക് ഞങ്ങൾ ഇങ്ങനെ ഓടി നടക്കുമ്പോൾ വളരെയധികം ക്ഷീണം തോന്നും. പക്ഷെ ഞാൻ വീട്ടിലെത്തുമ്പോൾ അച്ഛൻ പറയുന്നത് ഇനിയും നന്നായി ചെയ്യണം. നിന്നെത്തന്നെ കൂടുതൽ പ്രയത്നിപ്പിക്കണം എന്നാണ്. അങ്ങനെയുള്ള വ്യക്തിയാണ് എന്റെ അച്ഛൻ. മാതാപിതാക്കളുടെ പിന്തുണയാണ് എന്റെ വളർച്ചയുടെ പ്രധാന ശക്തി. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം മറ്റേതെങ്കിലും മാതാപിതാക്കളെയായിരുന്നു എനിക്ക് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് ഞാൻ ഇവിടെ നിൽക്കില്ലായിരുന്നു. ’’ എന്നാണ് ശിവാനി പറഞ്ഞത്. ഇടയ്ക്ക് വാക്കുകള് ഇടറിയും കണ്ണുകള് നിറഞ്ഞും ശിവാനി അമ്മയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറഞ്ഞപ്പോള് ചേര്ത്തു പിടിക്കാന് അമ്മയും വേദിയില് എത്തിയിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് ശിവാനിയുടെ വാക്കുകള് സദസ്സ് ഏറ്റെടുത്തത്.
സെലിബ്രിറ്റി താരങ്ങളെയും വ്യത്യസ്തമായ നൃത്തപ്രകടനങ്ങളെയും ഒരേ വേദിയിലെത്തിക്കുന്ന ഡാൻസ് റിയാലിറ്റി ഷോയാണ് ഡാൻസ് ധമാക്ക. ശിൽപ ബാലയും നോബി മാർക്കോസുമാണ് പരിപാടിയുടെ അവതാരകർ. നടന്മാരായ വിനീതും പ്രയാഗ മാർട്ടിനും കൊറിയോഗ്രാഫർ ജോബിൻ മാസ്റ്ററുമാണ് വിധികർത്താക്കള്. സാധാരണയുള്ള ഡാന്സ് റിയാലിറ്റി ഷോയേക്കാളുപരി മത്സരാർത്ഥികൾ നൃത്തത്തിലൂടെ തങ്ങളുടെ ജീവിതത്തിലെ വൈകാരികമായ കഥകളും വ്യക്തിപരമായ അനുഭവങ്ങളും വേദിയിൽ അവതരിപ്പിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.







Comments