
ഓസ്ട്രേലിയയിലെ സിഡ്നിയിൽ വിവാഹച്ചടങ്ങിനിടെ അപ്രതീക്ഷിതമായി ശക്തമായ മഴയും ആലിപ്പഴവർഷവും എത്തിയതോടെ അതിഥികൾക്ക് ആഘോഷം മാറ്റിവെച്ച് രക്ഷാപ്രവർത്തകരാകേണ്ടിവന്നു. മഴവെള്ളവും ആലിപ്പഴവും കെട്ടിക്കിടന്ന് വിവാഹവേദിയുടെ മേൽക്കൂര താഴേക്ക് വളയാൻ തുടങ്ങിയതോടെയാണ് അതിഥികൾ ഇടപെട്ടത്. വേദിയുടെ മേൽക്കൂര തകർന്നുവീഴാതിരിക്കാൻ കസേരകളുമായി അതിഥികൾ രംഗത്തെത്തുകയായിരുന്നു.
വിവാഹത്തിനായി ഒരുക്കിയിരുന്ന മേശകളും കസേരകളും ഉപയോഗിച്ചാണ് ഇവർ മേൽക്കൂരയ്ക്ക് താങ്ങ് നൽകിയത്. ഔപചാരിക വസ്ത്രങ്ങളണിഞ്ഞെത്തിയ അതിഥികൾ മഴയ്ക്കിടയിലും കസേരകൾ ഉയർത്തിപ്പിടിച്ച് മേൽക്കൂര താങ്ങിനിർത്തുന്ന കാഴ്ചയാണ് പുറത്തുവന്ന വീഡിയോയിൽ കാണുന്നത്. മഴ ശക്തമായി തുടരുന്നതിനിടയിലും കൂട്ടമായെത്തിയ അതിഥികൾ വേദി സംരക്ഷിക്കാൻ ശ്രമിച്ചു.
സിഡ്നിയിൽ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴവർഷവും കാറ്റും അനുഭവപ്പെട്ട സമയത്താണ് സംഭവം. വേദിയുടെ പുറത്തും വലിയ ആലിപ്പഴക്കട്ടകൾ നിറഞ്ഞുകിടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. അപ്രതീക്ഷിതമായി കാലാവസ്ഥ മോശമായതോടെ വിവാഹവേദിയിലെ ആഘോഷ അന്തരീക്ഷം പെട്ടെന്ന് ആശങ്കയിലേക്ക് മാറുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ തന്നെ വേദി സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കാഴ്ചയാണ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. അപ്രതീക്ഷിതമായ കാലാവസ്ഥാ പ്രതിസന്ധിക്കിടെ അതിഥികൾ ഒരുമിച്ച് നടത്തിയ ശ്രമം വിവാഹദിനത്തെ മറക്കാനാകാത്ത അനുഭവമാക്കി മാറ്റുകയായിരുന്നു.







Comments