
സിംഗപ്പൂരിലെ ഒരു ഭക്ഷണശാലയിലേക്ക് ആഡംബര കാറായ റോൾസ് റോയ്സ് ഓടിച്ചെത്തിയതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുഹമ്മദ് ഈസം അബ്ദുൽ ഗനി എന്ന 52-കാരനാണ് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ റോൾസ് റോയ്സ് ഫാന്റമിൽ ഭക്ഷണശാലയിലെത്തിയത്. അമ്മായിയുടെ ഉടമസ്ഥതയിലുള്ള ‘സെവൻ ക്ലേപോട്ട്’ എന്ന ഭക്ഷണശാലയുടെ പ്രചാരണത്തിനായി നടത്തിയ രസകരമായ വിപണന തന്ത്രമായിരുന്നു ഇത്.
സെപ്റ്റംബർ 15-ന് ടിക്ടോക്കിൽ പങ്കുവെച്ച വീഡിയോയ്ക്ക് അഞ്ച് ലക്ഷത്തിലധികം കാഴ്ചകളാണ് ലഭിച്ചത്. റോൾസ് റോയ്സിൽ ഭക്ഷണശാലയിലെത്തിയ ഈസം ആരാണെന്നും ഇത്ര വിലയേറിയ കാർ സ്വന്തമാക്കിയതെങ്ങനെയെന്നുമുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു. സിംഗപ്പൂരിലെ 3 ബില്യൺ ഡോളറിന്റെ കള്ളപ്പണ ഇടപാട് അന്വേഷണവുമായി ബന്ധപ്പെട്ടിരുന്ന വാഹനങ്ങളിലൊന്നാണ് ഈ റോൾസ് റോയ്സ് എന്ന വിവരവും പുറത്തുവന്നു. എന്നാൽ കാർ തന്റേതല്ലെന്നും സുഹൃത്തിൽ നിന്ന് വീഡിയോ ചിത്രീകരിക്കാനായി മാത്രം കടം വാങ്ങിയതാണെന്നും ഈസം വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ ഭക്ഷണശാലയിലെ വിൽപ്പനയിൽ വലിയ വർധനവാണ് ഉണ്ടായത്. ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ ദിവസേന ഏകദേശം 600 സിംഗപ്പൂർ ഡോളറായിരുന്നു വരുമാനം. എന്നാൽ വീഡിയോ വൈറലായതോടെ ദിവസവിൽപ്പന 1,200 സിംഗപ്പൂർ ഡോളറിന് മുകളിലേക്ക് ഉയർന്നു. സെപ്റ്റംബർ അവസാനത്തോടെ ഭക്ഷണശാല നവീകരിക്കാനായി മുടക്കിയ 35,000 സിംഗപ്പൂർ ഡോളറും തിരിച്ചുപിടിക്കാൻ സാധിച്ചതായി ഈസം പറഞ്ഞു. മുമ്പ് സമീപപ്രദേശങ്ങളിലെ ആളുകളായിരുന്നു പ്രധാനമായും എത്തിയിരുന്നതെങ്കിൽ ഇപ്പോൾ സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഭക്ഷണം തേടിയെത്തുന്നുണ്ട്.
റോൾസ് റോയ്സിലെത്തിയ വീഡിയോ വലിയ ശ്രദ്ധ നേടിയെങ്കിലും പാർക്കിങ് സ്ഥലത്തെച്ചൊല്ലി ചില വിമർശനങ്ങളും ഉയർന്നു. കുറച്ചുസമയം വാഹനം ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിരുന്ന സ്ഥലത്ത് നിർത്തിയതിനെതിരെയായിരുന്നു വിമർശനം. എന്നാൽ ഈസം അതിനെ കാര്യമായി എടുത്തില്ല. വൈറൽ ശ്രദ്ധ ഉപയോഗിച്ച് ഭക്ഷണശാലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയാണ് ലക്ഷ്യമെന്നും സമൂഹമാധ്യമ താരമാകാൻ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ ‘സെവൻ കോഫി’ എന്ന പേരിൽ ഒരു കഫേ ആരംഭിക്കാനും സിംഗപ്പൂരിൽ അഞ്ച് ഭക്ഷണശാലകളായി ബിസിനസ് വിപുലീകരിക്കാനുമാണ് ഈസം ലക്ഷ്യമിടുന്നത്.







Comments