.jpg&w=1920&q=75)
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലും വോട്ടർ പട്ടിക പരിഷ്കരണത്തിലും ആക്ഷേപമുന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ വർദ്ധിച്ചുവരുന്ന വീര്യത്തെയാണ് കാണിക്കുന്നത്. എന്നാൽ, ഈ സമരങ്ങൾക്ക് പിന്നാലെ ഉയർന്ന നിയമനടപടികളും വിവാദങ്ങളും പരമ്പരാഗത പാർട്ടി പ്രക്ഷോഭങ്ങളുടെ പരിമിതികൾ കൂടി തുറന്നുകാട്ടുന്നുണ്ട്.
ഇതിനോടൊപ്പം, ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ പ്രതിപക്ഷ സഖ്യത്തിനുള്ളിൽ രൂപപ്പെട്ടിട്ടുള്ള നയപരമായ അകൽച്ചയും, പുതുതലമുറ (ജെൻ സി) മുന്നോട്ടുവെക്കുന്ന വേഗതയേറിയ പ്രതിഷേധ രീതികളും വിശകലനം ചെയ്യുമ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് മുന്നിൽ ചില പ്രധാന ചോദ്യങ്ങൾ ഉയർന്നുവരുന്നു.
ഇന്നത്തെ ജെൻസി തലമുറയുടെ സമരങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയിലും സോഷ്യൽ മീഡിയയിലും അധിഷ്ഠിതമായി പെട്ടെന്ന് രൂപപ്പെടുന്നതും, പരമ്പരാഗത സംഘടനാ ചട്ടക്കൂടുകൾക്ക് അപ്പുറത്തേക്ക് വേഗത്തിൽ പടരുന്നതുമാണ്. എന്നാൽ, ഇത്തരം പ്രക്ഷോഭങ്ങൾക്ക് പലപ്പോഴും കൃത്യമായ രാഷ്ട്രീയ ലക്ഷ്യസ്ഥാനത്തോ ദീർഘകാല ഭരണപരമായ തുടർച്ചയിലോ എത്തിച്ചേരാൻ സാധിക്കാറില്ല. ഇവിടെയാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ച സമരത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും കൃത്യമായ ഇടം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കേണ്ടത്.
ഇതിലൂടെ പ്രക്ഷോഭങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കാം. ഇന്ത്യയൊട്ടാകെ ശക്തമായ സംഘടനാ അടിത്തറയുള്ള കോൺഗ്രസിന് ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് താഴെത്തട്ടിൽ എത്തിക്കാനുള്ള ശേഷിയുണ്ട്. രാഹുൽ ഗാന്ധിക്ക് ജെൻസി തലമുറയുടെ സാങ്കേതിക വൈദഗ്ധ്യവും വേഗതയും ഉൾക്കൊള്ളാൻ സാധിച്ചാൽ, അത് കോൺഗ്രസിന്റെ പരമ്പരാഗത സമരരീതികൾക്ക് പുതിയ ഊർജ്ജം നൽകും.
പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷിയായ ആം ആദ്മി പാർട്ടിയുമായി ചില വിഷയങ്ങളിൽ ഉടലെടുത്തിട്ടുള്ള അഭിപ്രായവ്യത്യാസങ്ങളും അകൽച്ചയും പ്രതിപക്ഷ ഐക്യത്തിന് തടസ്സമാകുന്നുണ്ട്. ദേശീയ തലത്തിൽ പ്രതിപക്ഷത്തിന്റെ സ്വാധീനം ഉറപ്പിക്കണമെങ്കിൽ ഭിന്നതകൾ മറന്ന് സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കേണ്ടതുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ആം ആദ്മി പാർട്ടി പോലുള്ള പ്രാദേശിക കക്ഷികളെ കൂടി ഉൾക്കൊള്ളാനും, ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഭിന്നിച്ചുപോകാതെ ഒറ്റക്കെട്ടായി നയിക്കാനും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നയതന്ത്രത്തിന് സാധിക്കേണ്ടതുണ്ട്. എന്നാൽ, ആം ആദ്മി-ജെൻസി കൂട്ടുകെട്ട് രാഹുൽ ഗാന്ധിയുടെ സമരവീര്യത്തിനുള്ള വെല്ലുവിളിയായി മാറിയിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധം പോലെ സന്ദേശം നൽകുന്ന സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ, നിയമപരവും രാഷ്ട്രീയവുമായ തിരിച്ചടികൾ ഉണ്ടാകാത്ത രീതിയിൽ വിഷയാധിഷ്ഠിതമായി കാര്യങ്ങൾ അവതരിപ്പിക്കുക. വിദ്യർത്ഥികളുടെയും യുവാക്കളുടെയും തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയം മുൻനിർത്തി ജെൻസി തലമുറയെ പാർട്ടിയോട് അടുപ്പിക്കുക. ഒറ്റപ്പെട്ട സമരങ്ങൾക്ക് പകരം, കൃത്യമായ ഇടവേളകളിൽ ദേശീയ ശ്രദ്ധയാകർഷിക്കുന്ന പ്രക്ഷോഭ പരമ്പരകൾക്ക് നേതൃത്വം നൽകുക എന്നിവയൊക്കെ ഗുണംചെയ്യുമെന്നിരിക്കെ, പലപ്പോഴും പ്രക്ഷോഭം രാഷ്ട്രീയ പാർട്ടിയുടെ നിലവാരത്തിൽ നിന്ന് താഴ്ന്നുപോകുന്നതായി കാണാം.
ജെൻസി സമരങ്ങളുടെ വേഗതയും തത്സമയ സ്വാധീനവും പ്രശംസനീയമാണെങ്കിലും, ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ദിശ മാറ്റാൻ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ഘടനയും അനുഭവസമ്പത്തും അത്യാവശ്യമാണ്. ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായുള്ള വിയോജിപ്പുകൾ പരിഹരിക്കാനും, പുതിയ തലമുറയുടെ സമരവീര്യം ഉൾക്കൊണ്ട് ജനകീയ വിഷയങ്ങളിൽ കൃത്യമായ പ്രക്ഷോഭങ്ങൾ നയിക്കാനും സാധിച്ചാൽ, രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ കൂടുതൽ ശക്തമായി മുന്നോട്ട് നയിക്കാനും വലിയ രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും.







Comments