
വാഷിംഗ്ടൺ: ഫ്രാൻസിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് കാരണം "നിയന്ത്രണാതീതമായ കൂട്ട കുടിയേറ്റമാണെന്ന്" കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിനെ "പിടിച്ചെടുക്കാനുള്ള" ഇസ്ലാമിന്റെ ശ്രമമാണ് ഇതെന്ന് ട്രംപ് ആരോപിച്ചു. ഫ്രാൻസിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ആശങ്കകൾ മുൻനിർത്തി ആയിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്ഫോമിലൂടെ ട്രംപിന്റെ ഈ പ്രതികരണം ഉണ്ടായത്.
ദശകങ്ങൾക്കിടയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രക്ഷോഭത്തിനാണ് ഫ്രാൻസ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. പാരീസിന് വടക്കുള്ള ഒരു സ്കൂളിൽ നിന്ന് ആരംഭിച്ച സമരം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വേഗത്തിൽ പടരുകയായിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് നൂറുകണക്കിന് സ്കൂളുകൾ അടച്ചിടുകയും, കഴിഞ്ഞ ആഴ്ചകളിൽ 6,000-ത്തിലധികം ആളുകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിയിലായവരിൽ ഭൂരിഭാഗവും മുൻകാല കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികളാണ്.
സമരത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. വടക്കുകിഴക്കൻ നഗരമായ ലെൻസിൽ ഗ്രനേഡ് കൈയ്യിലെടുത്ത ഒരു വിദ്യാർത്ഥിയുടെ കൈ നഷ്ടപ്പെട്ടതായും ടൂർസിൽ മറ്റൊരു വിദ്യാർത്ഥിയുടെ കണ്ണിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭം ആരംഭിച്ചതുമുതൽ 6,100 പേരെ അറസ്റ്റ് ചെയ്തതായും അതിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1,483 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 1,800-ലധികം ആളുകൾ നിയമനടപടികൾ നേരിടുകയാണെന്ന് നീതി ന്യായ മന്ത്രാലയവും വ്യക്തമാക്കി.
ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിൽ പാരീസിലെ 56,000 പേർ ഉൾപ്പെടെ രാജ്യത്തുടനീളം 2,56,000 ആളുകൾ പങ്കെടുത്തതായി ഫ്രഞ്ച് അധികൃതർ കണക്കാക്കുന്നു. എന്നാൽ, രാജ്യവ്യാപകമായി 4,50,000-ത്തോളം പേർ തെരുവിലിറങ്ങിയെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥി സംഘടനയായ 'യൂണിയൻ സിൻഡിക്കേൽ ലിസീൻ' അവകാശപ്പെടുന്നത്. സംഘർഷങ്ങളിൽ കുറഞ്ഞത് 715 പോലീസ് ഉദ്യോഗസ്ഥർക്കും 215 കൗമാരക്കാർക്കും പരിക്കേറ്റതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ ഓഫീസ് അറിയിച്ചു.







Comments