
മദീര: നിങ്ങള്ക്ക് എന്നെ ആവശ്യമില്ലെങ്കില് അത് തുറന്നു പറഞ്ഞാല് മതിയെന്നും അത് എത്ര വേദനിപ്പിച്ചാലും അംഗീകരിക്കാന് തയ്യാറാണെന്നും പരിശീലകന് ജസ്യൂസിന് മറുപടി നല്കി സൂപ്പര്താരം ക്രിസ്ത്യാനോ റൊണാള്ഡോ. മനുഷ്യര് തമ്മിലുള്ള സത്യത്തിലാണ് താന് ഇപ്പോഴും വിശ്വസിക്കുന്നതെന്നും തന്നെ വേണ്ടാത്തത് കൊണ്ടാണ് ക്യാമ്പ് വിടാന് തീരുമാനിച്ചതെന്നും സൂപ്പര്താരം പറഞ്ഞു.
വാര്ത്താസമ്മേളനം നടന്ന ദിവസം രാവിലെയും ഫെഡറേഷന് പ്രസിഡന്റുമായും കോച്ചുമായും സംസാരിച്ചിരുന്നു. എന്നെ അവിടെ ആവശ്യമില്ലെങ്കില് അവര് അത് എന്നോട് പറയണമെന്ന് ഞാന് വീണ്ടും വ്യക്തമാക്കി. നേരിട്ട് പറഞ്ഞാല് താനത് അംഗീകരിക്കുമായിരുന്നു. എന്നാല് തനിക്ക് ദേശീയടീമില് സ്ഥാനമുണ്ടെന്ന് ഇരുവരും ഒരുപോലെ പറഞ്ഞതായി ക്രിസ്ത്യാനോ പറഞ്ഞു.
വാഗ്ദാനം വീണ്ടും ലംഘിക്കപ്പെടുന്നതുവരെ കാത്തിരിക്കാതെ ഞാന് ക്യാമ്പ് വിടാന് തീരുമാനിച്ചു. 25 വര്ഷത്തെ കരിയറില്, ഏതെങ്കിലും പരിശീലകന്റെയോ ദേശീയ ടീം മാനേജരുടെയോ ഒരു തന്ത്രപരമായ തീരുമാനത്തിലും ഇടപെട്ടിട്ടില്ല. നല്ലതായാലും അല്ലെങ്കിലും അവര് എന്തുചെയ്യാന് നിര്ദ്ദേശിക്കുന്നുവോ, അത് അംഗീകരിക്കും. അവരുടെ തീരുമാനത്തെ ബഹുമാനിക്കും. എന്നാല് ഇവിടെ വാക്ക് പാലിക്കാത്ത സാഹചര്യത്തില് തനിക്കവിടെ സ്ഥാനമില്ലെന്ന് തോന്നി.' ക്യാമ്പ് വിട്ടതിനെക്കുറിച്ച് റൊണാള്ഡോ പറഞ്ഞു.
ക്യാമ്പ് വിട്ടുപോയതിന് ദേശീയ ടീമിലെ തന്റെ സഹതാരങ്ങളോടും പോര്ച്ചുഗീസ് ജനതയോടും താരം മാപ്പും ചോദിച്ചിട്ടുണ്ട്. ക്യാമ്പ് വിട്ട സംഭവത്തില് പോര്ച്ചുഗീസ് ഫെഡറേഷനെടുക്കുന്ന ഏത് നടപടിയും സ്വീകരിക്കുമെന്നും വ്യക്തമാക്കി. പോര്ച്ചുഗീസ് ഫുട്ബോള് ഫെഡറേഷന് ഇത് വിലയിരുത്തുകയും നടപടിയെടുക്കുകയും വേണമെന്നും പറഞ്ഞു. ഓരോരുത്തരുടെയും പദവി പരിഗണിക്കാതെ, നിയമങ്ങള് എല്ലാവര്ക്കും ഒന്നുതന്നെയാണെന്ന്. തുടര്ന്നും ദേശീയ ടീമിനായി കളിക്കുമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.







Comments