
ന്യൂഡൽഹി: വൃന്ദാവനത്തിലെ പ്രശസ്ത ആത്മീയ ഗുരു പ്രേമാനന്ദ് ഗോവിന്ദ് ശരൺ മഹാരാജിന്റെ ആശ്രമം സന്ദർശിക്കാൻ 5 കോടി രൂപ നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ടീം.
ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ്ന്യാസ് അധ്യക്ഷനും ഫലഹരി മഹാരാജ് എന്ന പേരിൽ അറിയപ്പെടുന്നയാളുമായ ദിനേശ് ശർമ്മ നടത്തിയ പ്രസ്താവനകളെ തുടർന്നാണ് ഈ വിവാദം ഉടലെടുത്തത്. കോഹ്ലിയുടെ ആശ്രമത്തിലേക്കുള്ള ആദ്യ സന്ദർശനം സാധ്യമാക്കാൻ 5 കോടി രൂപ ചെലവഴിച്ചതായി ശർമ്മ ആരോപിച്ചിരുന്നു. ഈ വാദങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വേഗത്തിൽ പ്രചരിക്കുകയും വലിയ പ്രതികരണങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.
ഈ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് കോഹ്ലിയുടെ വക്താവ് ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തുവന്നു. ശ്രീ വിരാട് കോഹ്ലിയെക്കുറിച്ച് ഫലഹാരി മഹാരാജ് ദിനേശ് ശർമ്മ നടത്തിയ വാദങ്ങൾ പൂർണ്ണമായും അസത്യവും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് ഉറപ്പിച്ചുപറയുന്ന പ്രസ്താവനയിൽ, ശ്രീ വിരാട് കോഹ്ലി പ്രേമാനന്ദ് മഹാരാജ് ജിയെ സന്ദർശിക്കുന്നത് മഹാരാജ് ജിയോടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള വിശ്വാസവും ആദരവും കൊണ്ട് മാത്രമാണ് എന്നും വ്യക്തമാക്കുന്നു .സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വിവരങ്ങൾ വിശ്വസനീയമാണോ എന്ന് മാധ്യമങ്ങളും ഡിജിറ്റൽ നിരീക്ഷകരും പരിശോധിക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും രാധാ കേലി കുഞ്ച് ആശ്രമത്തിൽ അനുഗ്രഹം തേടി പലതവണ വൃന്ദാവൻ സന്ദർശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രേമാനന്ദ് മഹാരാജുമായുള്ള ഇവരുടെ ആശയവിനിമയത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വൈറലാകാറുണ്ട്.







Comments