
ന്യൂഡൽഹി: ബുധനാഴ്ച ഉച്ചകഴിഞ്ഞ് ജൻപഥ് റോഡിൽ നാടകീയ രംഗങ്ങൾ. ജൻപഥിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനും ജന്തർ മന്തറിനും അടുത്തുള്ള സാഗർ രത്ന ഹോട്ടലിൽ ഖാർഗെ ഇന്ത്യ മുന്നണി നേതാക്കളെ വിളിച്ചു ചേർത്തതോടെയാണ് അകാംക്ഷ നിറഞ്ഞ രംഗങ്ങൾക്ക് തുടക്കമായത്. ഉച്ചഭക്ഷണത്തിനു ശേഷം ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ നേതാക്കൾ പ്രതിഷേധത്തിനു പോകുന്നു എന്നല്ലാതെ എവിടെയാണ് പ്രതിഷേധിക്കുന്നതെന്ന് വ്യക്തമാക്കാൻ കൂട്ടാക്കിയിരുന്നില്ല.
ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ നേതാക്കൾ തയ്യാറാക്കി നിർത്തിയിരുന്ന ബസുകളിൽ കയറിയപ്പോഴും ലക്ഷ്യം വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. ബസ് ഉടൻ തന്നെ ആർഎഫ് വാഹനം കുറുകെയിട്ട് തടഞ്ഞു. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു. ആദ്യം വോട്ട് മോഷണം നടത്തി, ഇപ്പോൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന് പറഞ്ഞ എംപിമാർ, കേന്ദ്രസർക്കാർ അത്രയധികം ഭയപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു.
തുടർന്ന് രാഹുൽ ഗാന്ധിയും ഖാർഗെയും ഹോട്ടലിനു വെളിയിൽ വന്നപ്പോഴാണ് ലക്ഷ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഉണ്ടായത്. കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അനുവദിച്ചില്ല. പ്രതിഷേധവും വിലക്കിയെന്നും അതിനാൽ പ്രതിഷേധിക്കാനുള്ള സ്ഥലമായ ജന്തർ മന്തറിലേക്കാണ് പോകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഖാർഗേ ഇന്ത്യ മുന്നണി നേതാക്കളെ വിളിച്ചുവരുത്തിയപ്പോഴേക്കും ഡൽഹി പൊലീസും ആർഎഎഫും സാഗർ രത്ന ഹോട്ടലിനു മുന്നിൽ ശക്തമായ പ്രതിരോധം തീർത്തിരുന്നു. അസാധരണമാംവിധമുള്ള പൊലീസ് വിന്യാസത്തിനൊപ്പം ഹോട്ടലിനു മുന്നിൽ ബാരിക്കേഡുകളും ഉയർത്തിയിരുന്നു.







Comments