
ന്യുഡൽഹി: ചൊവ്വാഴ്ച ആകാശവാണി ഭവനിൽ നടത്തിയ ധർണയുടെ പേരിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിയെ ലഘൂകരിച്ചുകൊണ്ട്, "എനിക്കെതിരെ 45 എഫ്.ഐ.ആറുകളുണ്ട്, 100 തികയ്ക്കുകയാണ് എന്റെ ലക്ഷ്യം" എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അനുമതിയില്ലാതെ ആകാശവാണി ഭവനിൽ പ്രവേശിക്കുകയും ചൊവ്വാഴ്ച കെട്ടിട വളപ്പിൽ ആറ് മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്ത സംഭവത്തിൽ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കുമെതിരെ ബുധനാഴ്ച പോലീസ് കേസെടുത്തിരുന്നു.
ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ ധർണയ്ക്കും തുടർന്നുണ്ടായ കരുതൽ തടങ്കലിനും ശേഷം, പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയിലെ നേതാക്കൾ ബുധനാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ ഒത്തുകൂടി ഭാവി പ്രക്ഷോഭ തന്ത്രങ്ങൾക്ക് രൂപം നൽകി. "വോട്ട് ചോരി" (വോട്ട് മോഷണം) വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കുന്നതിനും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതിനും വേണ്ടിയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ക്ഷണപ്രകാരം പ്രതിപക്ഷ എം.പിമാർ ഡൽഹി ജൻപഥിലെ 'സാഗർ രത്ന' റെസ്റ്റോറന്റിൽ ഉച്ചഭക്ഷണത്തിനായി ഒത്തുകൂടിയത്. രാജ്യത്ത് ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് ആരോപിച്ച ഖാർഗെ, "വോട്ട് ചോരി" വിഷയം ജനങ്ങളിലേക്ക് എത്തിക്കുമെന്നും വ്യക്തമാക്കി.
ഉച്ചഭക്ഷണത്തിന് ശേഷം പ്രതിപക്ഷ എം.പിമാർ ജന്തർ മന്തറിൽ പ്രതിഷേധിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു."ഇന്നലെ ഞാൻ പറഞ്ഞതുപോലെ, മുന്നൂറോളം എം.പിമാർക്ക് ചീഫ് ഇലക്ഷൻ കമ്മീഷണറെ കാണാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ അവിടെ പ്രതിഷേധിക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ നമ്മളോട് പറഞ്ഞത്. അതിനാൽ, സമരം നടത്തുന്നതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ജന്തർ മന്തറിലേക്ക് പോയി ഒന്നിച്ച് കുത്തിയിരിക്കാനാണ് ഇന്നത്തെ ഞങ്ങളുടെ പദ്ധതി. ജ്ഞാനേഷ് കുമാർ രാജ്യത്തിന്റെ നിയമപരമായ ഇലക്ഷൻ കമ്മീഷണറല്ല എന്ന് ഞങ്ങൾ രാജ്യത്തോട് പറയും. മോദിജിയും അമിത് ഷാജിയും മോഹൻ ഭാഗവതും ജ്ഞാനേഷ് കുമാറും ചേർന്ന് രാജ്യത്തെ ജനാധിപത്യം തകർത്തു," രാഹുൽ ഗാന്ധി പറഞ്ഞു.
ജൻപഥിലെ സാഗർ രത്ന റെസ്റ്റോറന്റിന് പുറത്ത് ബസ്സുകൾ തയ്യാറാക്കി നിർത്തിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം എം.പിമാർ ഈ ബസ്സുകളിൽ കയറി ജന്തർ മന്തറിലേക്ക് തിരിച്ചു. ഇതിനിടെ ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പോലീസ് ബാരിക്കേഡുകൾ വെച്ച് അടച്ചിരുന്നു.രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ എഫ്.ഐ.ആർ എടുത്തതിനോട് പ്രതികരിച്ച കോൺഗ്രസ് എം.പിമാർ, തങ്ങൾ കേസിനെ ഭയക്കുന്നില്ലെന്ന് വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെയുള്ള എഫ്.ഐ.ആറുകളെ ഞങ്ങൾ കാര്യമാക്കുന്നില്ല, രാജ്യത്തുടനീളം ഇത്തരം നൂറുകണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ധർണയിൽ പങ്കെടുത്ത കോൺഗ്രസ് സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.







Comments