
ന്യൂഡൽഹി: ഗ്യാനേഷ്കുമാർ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രതിഷേധം തടഞ്ഞ പൊലീസ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു. ആദ്യം വഴങ്ങാതെ നിന്ന രാഹുൽ ഗാന്ധിക്ക് പ്രവർത്തകർ പ്രതിരോധം തീർത്തിരുന്നു. എന്നാൽ, സഹകരിക്കണം എന്ന പൊലീസിന്റെ ആവർത്തിച്ചുള്ള ആവശ്യം നിരസിച്ച രാഹുലിനെ പൊലീസ് തൂക്കിയെടുത്ത് വാഹനത്തിൽ കയറ്റുകയായിരുന്നു.
അതേസമയം, പ്രിയങ്ക ഗാന്ധി നിലത്തുകിടന്ന് പ്രതിഷേധിച്ചു. ഒരിഞ്ചു മാറില്ല എന്ന് പറഞ്ഞ പ്രിയങ്ക, എംപിമാരെ കൈയേറ്റം ചെയ്യുന്നത് എന്തിനാണെന്ന് ചോദിക്കുകയും പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ തന്നെ എ എ റഹീം അടക്കമുള്ള നേതാക്കളെ സംഘർഷ സ്ഥലത്തുനിന്ന് നീക്കിയിരുന്നു. ഇതിനിടെ, ഉന്തിലും തള്ളിലും പെട്ട് രാഹുൽ ഗാന്ധി നിലത്തുവീഴുകയും ചെയ്തു. അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാനായി പ്രതിപക്ഷ യുവജന പ്രവർത്തകർ എംപിമാരുടെ ബസുകളുടെ ചില്ല് തകർത്തും കാറ്റ് ഊരിവിട്ടും പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു.
പൊലീസ് നടപടിക്ക് മുമ്പ് യൂത്ത്കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കടുത്ത പ്രകോപനം സൃഷ്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25 വർഷത്തെ പൊതുജീവിതത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും കൊടികളും കോൺഗ്രസ് പ്രവർത്തകർ വലിച്ചുകീറി നശിപ്പിച്ചു.
എംപിമാരുമായുള്ള ബസുകൾ ജന്തർ മന്തർ ലക്ഷ്യമാക്കി നീങ്ങുന്നവഴിക്കായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രകോപനപരമായ നീക്കം. തുടർന്ന് പ്രവർത്തകർ പൊലീസ് വാഹനങ്ങൾക്ക് മുകളിൽ കയറിയും പ്രകോപനപരമായി പ്രതിഷേധിച്ചു, നിരോധാജ്ഞ നിലനിൽക്കുന്നതിനാൽ പ്രവർത്തകർ പിരിഞ്ഞുപോകണമെന്ന് പൊലീസ് പലയാവർത്തി മുന്നറിയിപ്പ് നൽകിയിട്ടും ഫലമുണ്ടായില്ല. പിന്നീട് പലയിടത്തും പൊലീസും പ്രവർത്തകരും വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടാകുന്ന സാഹചര്യമുണ്ടായി.
രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ബസിനു മുകളിൽ കയറി നിന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുമ്പോഴായിരുന്നു പ്രകോപന നടപടി അരങ്ങേറിയത്. ബുധനാഴ്ച മൂന്ന് മണിയോടെ ജൻപഥിലുള്ള സാഗർ രത്ന ഹോട്ടലിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ജന്തർ മന്തറിൽ നിരോധനാജ്ഞയാണെന്ന് പൊലീസ് അറിയിച്ചിട്ടും എംപിമാരുടെ വാഹനങ്ങൾ മുന്നോട്ടുനീങ്ങുകയായിരുന്നു. ജന്തർ മന്തറിലേക്കുള്ള രണ്ട് വഴികളും അടച്ചിട്ട് ഐടിബിപിയും ആർഎഎഫും ജന്തർ മന്തറിലേക്കുള്ള രണ്ട് റോഡുകളിലും കനത്ത പ്രതിരോധം തീർത്തിരുന്നു.
എം പി മാർ സഞ്ചരിച്ച ബസ് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയു കെസി വേണുഗോപാലുമടക്കമുള്ള എംപിമാർ ബസിൽ നിന്ന് പുറത്തിറങ്ങി. ജന്തർ മന്തറിലേക്ക് പോകണമെന്ന ആവശ്യമുന്നയിച്ച് ഇവർ വലിയ ജനക്കൂട്ടത്തിനു നടുവിലായി കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു. തുടർന്നായിരുന്നു പൊലീസ് ഇടപെട്ടത്.







Comments