
മൂന്നൂറു കോടി ക്ലബ്ബിലെത്തിയ ശേഷവും ഒടിടി വഴി ആരാധകരുടെ ഹൃദയം കവര്ന്ന് യാത്ര തുടരുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിന് പോളിയും മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ബെത്ലേഹം കുടുംബ യൂണിറ്റ്’. ആ സിനിമയിൽ നിവിൻ പോളിയുടെ ജസ്റ്റിനും മമിത ബൈജുവിന്റെ ആഷ്ലിയും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുന്ന രംഗത്തില് കടന്നു വരുന്ന ഒരു പഴയ ഗാനമുണ്ട്, ഔസേപ്പച്ചൻ സംഗീതമൊരുക്കി യേശുദാസ് ആലപിച്ച ‘യവനകഥയില് നിന്നുവന്ന ഇടയകന്യക’ എന്ന ഗാനമായിരുന്നു അത്.
സിനിമ റിലീസ് ചെയ്തതോടെ ഈ പാട്ടിനെക്കുറിച്ചുള്ള അന്വേഷണങ്ങളും വര്ധിച്ചു. ഒരിക്കല് റിലീസാകാതെ പോയ ‘സ്നേഹപൂര്വ്വം അന്ന’ എന്ന ആ പഴയ സിനിമയിലെ ഗാനം റീല്സുകള് ഭരിച്ചു തുടങ്ങി. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ‘ഇടയകന്യക’യ്ക്ക് പിറകേയാണിപ്പോള് സംഗീതാസ്വാദകര്.
ഇപ്പോഴിതാ ‘‘അന്ന’യുമായി തിരിച്ചുവരവിനൊരുങ്ങുകയാണ് നിര്മ്മാതാവ് ടോമിച്ചന് മുളകുപാടം. സൂപ്പർ ഹിറ്റ് ചിത്രം ‘പുലിമുരുകന്റെ’ പത്താം വാർഷിക വേളയിലാണ് മൂന്ന് പതിറ്റാണ്ട് മുൻപ് പൂർത്തിയാക്കാനാകാതെ പോയ ഈ ചിത്രത്തിന്റെ നിർമാണാവകാശം സ്വന്തമാക്കിയ വിവരം ടോമിച്ചന് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.
‘‘മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ പുലിമുരുകന്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം...
90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.
വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി.
ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമ്മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം...ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല...കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ...
മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്... നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു...’’ എന്നാണ് ടോമിച്ചന് മുളകുപാടം ഫെയ്സ്ബുക്കില് കുറിച്ചിരിക്കുന്നത്.
30 വർഷങ്ങൾക്ക് മുൻപ് ജോഷിയുടെ സംവിധാനത്തിൽ അരവിന്ദ് സ്വാമിയും ശ്രീദേവിയും പ്രധാന വേഷങ്ങളിലെത്തേണ്ടിയിരുന്ന എൻ. മോഹനന്റെ സ്വപ്ന പദ്ധതിയായിരുന്നു ‘സ്നേഹപൂര്വ്വം അന്ന’. എന്നാൽ താരങ്ങളുടെ ഡേറ്റ് സംബന്ധമായ പ്രശ്നങ്ങളും സാങ്കേതിക തടസ്സങ്ങളും കാരണം ചിത്രീകരണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. 30 വര്ഷം മുന്പ് മുടങ്ങി പോയ ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഇറങ്ങിയതോടെയാണ് വീണ്ടും ചര്ച്ചയായത്. തുടർന്ന് തിരക്കഥയെച്ചൊല്ലി പലവിധ തർക്കങ്ങളും വന്നു, തിരക്കഥ മോഷണം പോയെന്നും നഷ്ടപ്പെട്ട് പോയെന്നുമൊക്കെയുള്ള വാദങ്ങളും ഉയര്ന്നു ഉയർന്നു. തുടര്ന്ന് ൻ. മോഹനന്റെ കുടുംബത്തെ നേരിട്ട് കണ്ട് സംസാരിച്ച ടോമിച്ചന് മുളകുപാടം ചിത്രത്തിന്റെ ഔദ്യോഗിക അവകാശം സ്വന്തമാക്കുകയായിരുന്നു.







Comments