
പ്രമുഖ നടന് നാനാ പടേക്കറുടെ വേര്പാടില് പ്രണാമമര്പ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യന് സിനിമാ ലോകത്തിന് നികത്താനാകാത്ത ശൂന്യതയാണെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില് കുറിച്ചു.
‘‘ഞാനൊരു നടനാണ്, താരമല്ല. താരങ്ങള് ഒരു നിമിഷം മാത്രം തിളങ്ങുന്നവരാണ്, എന്നാല് നടന്മാര് എന്നെന്നും നിലനില്ക്കുന്നു.’’ - നാനാ പടേക്കര്
‘അഭിനയകലയിലെ അനിഷേധ്യനായ ചക്രവര്ത്തിയും, ഇന്ത്യന് സിനിമയിലെ അതികായനുമായ ഒരു ഇതിഹാസതാരത്തോട് രാജ്യം വിടചൊല്ലുന്നു. ഇന്ത്യന് സിനിമാ ചരിത്രത്തില്, അഭിനയകലയില് ഇത്രയേറെ ആകര്ഷകവും സമാനതകളില്ലാത്തതുമായ ആധിപത്യം പുലര്ത്തിയവര് ചുരുക്കമാണ്. അദ്ദേഹത്തിന്റെ അഭിനയശൈലി പരിശോധിക്കുമ്പോള്, ആ പ്രതിഭയുടെ ആഴവും കരുത്തും കണ്ട് ആരും അത്ഭുതപ്പെട്ടുപോകും.
'പരിന്ദ', 'ക്രാന്തിവീര്', 'തിരംഗ' എന്നീ ചിത്രങ്ങളിലെ തീവ്രവും അവിസ്മരണീയവുമായ വേഷങ്ങള് മുതല് 'നട്സമ്രാട്' എന്ന ചിത്രത്തിലെ വികാരനിര്ഭരമായ ഉജ്ജ്വല പ്രകടനം വരെ-അദ്ദേഹത്തിന്റെ തീക്ഷ്ണമായ സംഭാഷണ ശൈലിയും വിട്ടുവീഴ്ചയില്ലാത്ത സാന്നിധ്യവും തലമുറകളില് മായാത്ത മുദ്രയാണ് പതിപ്പിച്ചത്.
വെള്ളിത്തിരയ്ക്കപ്പുറം, അഗാധമായ സഹാനുഭൂതിയും സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള പ്രവര്ത്തനങ്ങളും നിറഞ്ഞ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 'നാം ഫൗണ്ടേഷന്' വഴി മഹാരാഷ്ട്രയിലെ വരള്ച്ച ബാധിതരായ കര്ഷകരെയും ഗ്രാമീണ ജനതയെയും സഹായിക്കാന് അദ്ദേഹം തന്റെ ഹൃദയവും സമ്പത്തും സമര്പ്പിച്ചു, അങ്ങനെ ലക്ഷക്കണക്കിന് ആളുകളുടെ സ്നേഹാദരങ്ങള് അദ്ദേഹം നേടിയെടുത്തു. ഇന്ത്യന് സിനിമയില് നികത്താനാവാത്ത ഒരു ശൂന്യത. ഇതിഹാസത്തിന് ആദരാഞ്ജലികള്’, എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകള്.
ഗോവയിലെ വസതിയില് വെച്ച് പുലര്ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 75 വയസ്സായിരുന്നു. നാടകത്തിലും സിനിമയിലും ഒരുപോലെ തിളങ്ങിയ നാനാ പടേക്കര് നടന്, സംവിധായകന്, നിര്മ്മാതാവ് തുടങ്ങി വിവിധ നിലകളില് പ്രശസ്തനായിരുന്നു.
മറാത്തി, ബോളിവുഡ് സിനിമകളില് മികവ് വെളിയിച്ച അദ്ദേഹത്തിന് മൂന്ന് തവണ അഭിനയത്തിന് ദേശീയപുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അഭിനയമികവിന് 2013 ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്.







Comments