
വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കറിന്റെ വിയോഗം ബോളിവുഡിനെ മാത്രമല്ല ഇന്ത്യന് സിനിമാലോകത്തെ മുഴവുന് നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. ഹിന്ദി, മറാഠി സിനിമകളിൽ തന്റേതായ അഭിനയശൈലി കൊണ്ടു സ്വഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി മാറിയ താരമാണ് നാനാ പടേക്കര്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകള് ഉള്പ്പടെ നേടിയ താരത്തെ രാജ്യം പത്മശ്രീ നല്കിയും ആദരിച്ചിട്ടുണ്ട്.
നാനാജിയുടെ അപ്രതീക്ഷിതമായ വിയോഗത്തില് ബോളിവുഡ് സിനിമാലോകം ഞെട്ടിയിരിക്കുകയാണ്. നിരവധി സെലിബ്രിറ്റികള് അദ്ദേഹത്തിനൊപ്പം അഭിനയിച്ച സിനിമകളും പങ്കിട്ട നിമിഷങ്ങളും കുറിച്ച് സോഷ്യല് മീഡിയയിലെത്തുന്നുണ്ട്. പലരും ഇന്ത്യന് സിനിമയുടെ തന്നെ തീരാനഷ്ടമാണെന്നും ആ വിടവ് നികത്താന് മറ്റൊരാള്ക്കും കഴിയില്ലെന്നും സോഷ്യല് മീഡിയയില് കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ ബോളിവുഡിന്റെ പ്രിയതാരം രവീണ ടണ്ടനും നാനാ പടേക്കറിന്റെ വിയോഗത്തിലുള്ള തന്റെ ദുഃഖം സോഷ്യല് മീഡിയയിലൂടെ പങ്കിടുകയാണ്. നാനാ പടേക്കറിനെ ഒരു ‘ജെന്റിൽമാൻ’ എന്ന് വിശേഷിപ്പിച്ച രവീണ, 1997-ൽ പുറത്തിറങ്ങിയ ‘ഗുലാം-ഇ-മുസ്തഫ’ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ഓർമ്മ പങ്കുവെച്ചിട്ടുണ്ട്. ചിത്രീകരണത്തിനിടെ തനിക്ക് മെനിഞ്ചൈറ്റിസ് ബാധിച്ചപ്പോൾ നാന നൽകിയ പിന്തുണയെക്കുറിച്ചും രവീണ ആ കുറിപ്പിൽ അനുസ്മരിച്ചു.
‘‘നാനയുടെ വിയോഗം എന്നെ ഞെട്ടിക്കുകയും അതീവ ദുഃഖിതയാക്കുകയും ചെയ്തു.
എപ്പോഴെങ്കിലും നമ്മളെല്ലാവരും ആ വഴിയിലൂടെ സഞ്ചരിക്കേണ്ടവരും ആ അന്തിമയാത്രയ്ക്ക് തയ്യാറെടുക്കേണ്ടവരുമാണെന്ന് നമുക്കറിയാം...എങ്കിലും, ആ അറിവ് ഈ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കുന്നില്ല. അദ്ദേഹത്തിന്റെ മരണം പെട്ടെന്നുള്ളതും അതീവ വേദനാജനകവുമായ ഒരു ഞെട്ടലാണ് സമ്മാനിച്ചത്.
പരസ്പര ബഹുമാനത്തിലും ഊഷ്മളതയിലും ആത്മാർത്ഥമായ സ്നേഹത്തിലും അധിഷ്ഠിതമായ ഒരു മികച്ച ബന്ധമായിരുന്നു എനിക്ക് നാനയുമായി ഉണ്ടായിരുന്നത്. ധീരനും കരുത്തനും ഉദാരമനസ്കനുമായ, സിംഹതുല്യമായ ധൈര്യമുള്ള ഒരാളായിരുന്നു അദ്ദേഹം. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച സമയത്തെക്കുറിച്ചുള്ള ഓർമ്മകൾ ഞാൻ എപ്പോഴും ഹൃദയത്തോട് ചേർത്തുനിർത്തും. ‘മുസ്തഫ’ എന്ന ചിത്രത്തിലെ ഒരു രംഗം എനിക്ക് പ്രത്യേകം ഓർമ്മയുണ്ട്. ആ സന്ദർഭത്തിലെ എന്റെ അഭിനയത്തിന് സൂക്ഷ്മതയും ആഴവും നൽകുന്നതിൽ അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയും അറിവും എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. അതിന് ഞാൻ അദ്ദേഹത്തോട് എപ്പോഴും കടപ്പെട്ടിരിക്കും.
ചിലർ ഓർമ്മകൾക്കപ്പുറം, തങ്ങളുടെ കരുത്തിന്റെയും ഊഷ്മളതയുടെയും വ്യക്തിത്വത്തിന്റെയും മായാത്ത മുദ്രകൾ നമ്മളിൽ അവശേഷിപ്പിക്കാറുണ്ട്. അത്തരമൊരു വ്യക്തിയായിരുന്നു നാന. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി....
‘മുസ്തഫ’എന്ന ചിത്രത്തിലെ ഈ ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എനിക്ക് മെനിഞ്ചൈറ്റിസ് (മസ്തിഷ്ക ജ്വരം) ഉണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. തലവേദന അസഹനീയമാകുന്നതുവരെ ഞാൻ അന്ന് ഷൂട്ടിംഗിൽ മുഴുകിയിരുന്നു. ഷൂട്ടിംഗ് പാതിവഴിയിൽ നിർത്തി നേരെ ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം വളരെ മാന്യമായാണ് പെരുമാറിയത്... അതുവരെ തലവേദന കുറയ്ക്കാനായി ലോകത്തിലെ പലതരം മരുന്നുകളും അദ്ദേഹം എനിക്ക് നൽകിയിരുന്നു.
വിശ്വസിക്കാനാവുന്നില്ല. ഇന്ന് നമുക്ക് ഒരു ഇതിഹാസത്തെയാണ് നഷ്ടമായിരിക്കുന്നത്....’’ എന്നാണ് നാനാ പടേക്കറിനൊപ്പമുള്ള ചിത്രം പങ്കിട്ട് വൈകാരികമായി രവീണ ടണ്ടന് കുറിച്ചത്. നാനയ്ക്കൊപ്പമുള്ള ചിത്രങ്ങളും ‘തേരാ ഗം മേരാ ഗം’ എന്ന ഗാനവും പശ്ചാത്തലമായി രവീണ പങ്കുവച്ചിട്ടുണ്ട്.
ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് 75-ാം വയസ്സിലായിരുന്നു അന്ത്യം. ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ നൽകുന്ന വിവരമനുസരിച്ച്, പുലർച്ചെ 2:30-ഓടെ തനിക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് കാണിച്ച് അദ്ദേഹം ഒരു സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. എന്നാൽ രാത്രി സമയമായതിനാൽ സുഹൃത്ത് ഈ സന്ദേശം കണ്ടിരുന്നില്ല. തുടർന്ന് നാനാ പടേക്കർ സുഹൃത്തിനെ ഫോണിൽ വിളിക്കുകയായിരുന്നു. സന്ദേശവും ഫോൺ കോളും ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് പുലർച്ചെ 4 മണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ആ സമയത്ത് കഠിനമായി വിയർക്കുകയായിരുന്ന അദ്ദേഹം പതുക്കെ ബോധരഹിതനാവുകയായിരുന്നു. തുടർന്ന് കെയർടേക്കർ വിവരമറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ആംബുലൻസ് എത്തുകയും ചെയ്തു. ആംബുലൻസ് എത്തുകയും ചെയ്തു. ആംബുലൻസ് സംഘം എത്തുമ്പോഴേക്കും പൂർണമായും അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തിന് ഉടൻ തന്നെ 45 മിനിറ്റിലധികം കാർഡിയാക് മസാജ് നൽകി തുടങ്ങി. പുലർച്ചെ 4:20 ഓടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







Comments