
ഹാസ്യവേദികളിലൂടെയും ടെലിവിഷൻ സ്ക്രീനുകളിലൂടെയും വെള്ളിത്തിരയിലൂടെയും മലയാളികളുടെ ഹൃദയം കവര്ന്ന താരമാണ് രമേഷ് പിഷാരടി. സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച താരം നിലവിൽ പാലക്കാട് എം.എൽ.എ. ആയി ജനസേവനരംഗത്ത് സജീവമാണ്. പൊതുപ്രവർത്തനത്തിന് പൂർണ്ണ സമയം നീക്കിവെക്കുന്നതിനായി സിനിമയിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും തൽക്കാലം ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണെങ്കിലും, സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മകൾ പൗർണ്ണമിക്ക് ജന്മദിനാശംസകൾ നേർന്ന് പിഷാരടി പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്. "പീലിക്ക് പിറന്നാൾ, അച്ഛനും അമ്മയ്ക്കും 15 വയസ്സ്" എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. സ്നേഹ ശ്രീകുമാർ, സിതാര കൃഷ്ണകുമാർ, ആര്യ തുടങ്ങിയ പ്രമുഖർ പോസ്റ്റിന് താഴെ പീലിക്ക് ജന്മദിനാശംസകൾ നേർന്ന് കമന്റുകൾ കുറിച്ചിട്ടുണ്ട്.
പൗർണ്ണമി (പീലി), ഗിരിധർ (വീരൻ), ഗോവർദ്ധൻ (ധീരൻ) എന്നിങ്ങനെ മൂന്ന് മക്കളാണ് രമേഷ് പിഷാരടിക്കും ഭാര്യ സൗമ്യയ്ക്കുമുള്ളത്.
മിമിക്രി ട്രൂപ്പുകളിലൂടെ തുടങ്ങി, ഏഷ്യാനെറ്റ് പ്ലസിലെ 'ബ്ലഫ് മാസ്റ്റേഴ്സ്' എന്ന ജനപ്രിയ ഹാസ്യപരിപാടിയിലൂടെയാണ് പിഷാരടി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. തുടർന്ന് 2008-ൽ 'പോസിറ്റീവ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. പിന്നീട് 'പഞ്ചവർണ്ണതത്ത', 'ഗാനഗന്ധർവ്വന്' എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ സംവിധായകനായും കൈയടി നേടി. നിലവിൽ പാലക്കാട് മണ്ഡലത്തിന്റെ ജനപ്രതിനിധിയെന്ന നിലയിലും തന്റെ സാന്നിധ്യം ശക്തമാക്കുകയാണ് പിഷാരടി.







Comments