
ന്യൂഡൽഹി: രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഗാന്ധിസമാധിയായ രാജ്ഘട്ടിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. മൂന്നാം ദിനമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ നീക്കത്തിന് ലക്ഷ്യത്തിലെത്താൻ സാധിച്ചത്. ആദ്യ ദിവസം രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്താനുള്ള ശ്രമവും രണ്ടാം ദിനം ഇന്ത്യ സഖ്യ എംപിമാർക്കൊപ്പം ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ശ്രമിച്ചതും പൊലീസ് തടഞ്ഞിരുന്നു.
എംപിമാരെ വഹിച്ചുള്ള ബസുകൾ രാജ്ഘട്ടിലേക്ക് നീങ്ങുന്ന അവസരത്തിൽ അനുമതി നിഷേധിക്കും എന്ന തീരുമാനത്തിലായിരുന്നു പൊലീസ്. പ്രവർത്തകരെ ഡി ഡി മാർഗിൽ തടയാനുള്ള ശ്രമവും നടത്തിയെങ്കിലും മുന്നോട്ട് കൂടുതൽ പ്രതിരോധമുണ്ടായില്ല. പ്രവർത്തകർ രാജ്ഘട്ടിന്റെ മതിൽ ചാടിക്കടക്കുന്നതിനും പൊലീസ് ഉയർത്തിയ ബാരിക്കേഡുകൾ മറികടക്കുന്നതിനും ശ്രമിച്ചു. തുടർന്ന് എംപിമാർക്ക് പൊലീസ് സാന്നിധ്യത്തിൽ രാജ്ഘട്ടിൽ പ്രവേശിക്കാനുള്ള അനുമതി നൽകി. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമടക്കമുള്ള നേതാക്കൾ രാജ്ഘട്ടിലെത്തി പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.
പ്രതിഷേധം സമാധാനപരമായ അന്തരീക്ഷത്തിൽ നടത്താൻ ഇന്ത്യ മുന്നണിക്ക് സാധിച്ചു. അതിനായി പ്രവർത്തകരെ പരമാവധി നിയന്ത്രണത്തിലാക്കാൻ നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ, പ്രതിഷേധത്തിനിടെ ജമ്മുവിൽ നിന്നുള്ള ഒരു ‘മോദി ആരാധകനെ’ പ്രവർത്തകർ മർദ്ദിക്കുന്ന സംഭവവും ഉണ്ടായി. കഴിഞ്ഞ ദിവസം ബിജെപിയുടെ കൊടികളും മോദിയുടെ ഫ്ലക്സുകളും പ്രവർത്തകർ നശിപ്പിച്ചിരുന്നു.
അതിനിടെ, പ്രതിഷേധത്തിനു പൊതുജന പിന്തുണയില്ല എന്ന് ബിജെപി ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്ന ആരോപണവും ബിജെപി ഉന്നയിച്ചിട്ടുണ്ട്.







Comments