
അഞ്ചു പതിറ്റാണ്ടിലധികമായി ഡബ്ബിങ് രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് ഭാഗ്യലക്ഷ്മി. ചെറുപ്രായത്തിൽ തന്നെ ഡബ്ബിങ് രംഗത്തെത്തിയ താരം മലയാളം, തമിഴ് ഭാഷകളിലായി 258 ലേറെ അഭിനേത്രികൾക്ക്, പ്രത്യേകിച്ച് പ്രശസ്തരായ നായികമാര്ക്ക് ശബ്ദം നല്കിയിട്ടുണ്ട്. ഡബ്ബിംഗ് ആര്ട്ടിസ്റ്റ് എന്നതിലുപരി മികച്ച ഒരു അഭിനേത്രി കൂടിയാണ് ഭാഗ്യലക്ഷ്മി. സോഷ്യല് മീഡിയയും സജീവമായ താരം, മിക്കപ്പോഴും തന്റെ അക്കൗണ്ടിലൂടെ സാമൂഹിക പ്രാധാന്യമുള്ള പല വിഷയങ്ങളിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും പങ്കിടാറുണ്ട്.
ഇപ്പോഴിതാ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ എവർഗ്രീൻ ക്ലാസിക് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റി റിലീസ് ചെയ്യുന്ന വേളയില് എല്ലാവരും മറന്നു പോയൊരു വ്യക്തിയെക്കുറിച്ച് കുറിപ്പ് പങ്കിടുകയാണ് ഭാഗ്യലക്ഷ്മി. സിനിമയുടെ നിര്മ്മാതാവായ എന്. ഗോപാലകൃഷ്ണന് എന്ന വ്യക്തിയെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ലെന്നും .ഡബ്ബിങ് തിയേറ്ററിൽ ലേക്ക് കയറി വരുമ്പോൾ ജവ്വാദ് ന്റെ സുഗന്ധം പരത്തി മോളെ ബാഗിക്കുട്ടി എന്നൊരു വിളി ഓർത്തുപോകുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്.
‘‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും റിലീസ് ചെയ്യുമ്പോൾ ആരും പറയാത്ത ഒരു പേരാണ് അതിന്റെ നിർമ്മാതാവായ എന്. ഗോപാലകൃഷ്ണൻ കുറിച്ച്.
ഞങ്ങളുടെ അംബി അണ്ണൻ...പ്രിയദർശൻ ന്റെ നിരവധി സിനിമയുടെ എഡിറ്റർ... ചിത്രാജ്ഞലിയിലെ ഉദ്യോഗസ്ഥനായിരുന്നു.. വീണ്ടും ഈ സിനിമ റിലീസ് ചെയ്യുമ്പോൾ അംബി അണ്ണനെ ഓർത്തുപോയി...ഡബ്ബിങ് തിയേറ്ററിൽ ലേക്ക് കയറി വരുമ്പോൾ ജവ്വാദ് ന്റെ സുഗന്ധം പരത്തി മോളെ ബാഗിക്കുട്ടി എന്നൊരു വിളി ഓർത്തുപോകുന്നു...’’ എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റിനു താഴെ നിരവധി പേര് കമന്റുകളും കുറിക്കുന്നുണ്ട്. ‘അല്ലേലും ഒരു സിനിമയിൽ കാണാമറയത്തു പ്രവർത്തിക്കുന്ന എത്രയോ പേര് ഉണ്ടല്ലോ ചേച്ചി...പുറത്തു വരുന്ന പേരുകളെക്കാൾ.... അകത്തുള്ള പേരുകൾ... ആയിരിക്കും കൂടുതൽ.. ഇദ്ദേഹത്തെ ഓർത്ത ചേച്ചിക്ക് സല്ല്യൂട്ട്, പലരും മറന്നു പോയ ആളിനെ ചേച്ചിയെങ്കിലും ഓര്ത്തല്ലോ...’ എന്നതടക്കമാണ് കമന്റുകള്.
മലയാള ചലച്ചിത്ര ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ അത്യാധുനിക ശബ്ദ-ദൃശ്യ മികവോടെ 4 കെ റീ-മാസ്റ്റേർഡ് പതിപ്പായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത് ഇന്നാണ്. റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മലയാളി മനസ്സുകളിൽ മായാതെ നിൽക്കുന്ന ഈ ക്ലാസിക് ചിത്രത്തിന്റെ ആഗോള റീ-റിലീസ് വലിയ ആവേശത്തോടെയാണ് സിനിമാലോകം വരവേൽക്കുന്നത്.
മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണൻ തമ്പുരാനും അപ്പക്കാളയുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. പ്രണയവും സൗഹൃദവും നർമ്മവും കുടുംബബന്ധങ്ങളും ഒരുപോലെ ഇടകലർത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റർടെയ്നറുകളിൽ ഒന്നാണ്. ചിത്രത്തിന്റെ റീ-റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദര്ശന് വൈകാരികമായ ഒരു കുറിപ്പ് സോഷ്യല് മീഡിയയിലൂടെ പങ്കിട്ടിരുന്നു.







Comments