
അരുണാചൽ പ്രദേശിലെ കൊടുംതണുപ്പിനിടെ ബൈക്ക് യാത്രികനും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും തമ്മിലുണ്ടായ ഹൃദയസ്പർശിയായ കൂടിക്കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. യാത്രയ്ക്കിടെ പരിചയപ്പെട്ട ഉദ്യോഗസ്ഥൻ ഭക്ഷണവും ചോക്ലേറ്റും നൽകി സ്നേഹം പങ്കുവെച്ച അനുഭവം യാത്രികനായ അബിലാഷാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തവാങിലെ പ്രശസ്തമായ മാധുരി തടാകത്തിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് ഈ മനോഹരമായ അനുഭവമുണ്ടായത്.
യാത്രയ്ക്കിടെ അബിലാഷിനെ തടഞ്ഞുനിർത്തിയ സൈനിക ഉദ്യോഗസ്ഥൻ എങ്ങോട്ടാണ് പോകുന്നതെന്നും യാത്ര തുടരുകയാണോയെന്നും ചോദിക്കുന്നതും വീഡിയോയിലുണ്ട്. മാധുരി തടാകത്തിലേക്ക് പോയി തിരിച്ചുവരാനാണ് പദ്ധതിയെന്ന് അബിലാഷ് മറുപടി നൽകി. മഹാരാഷ്ട്ര സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് പ്രഭാതഭക്ഷണമായി ബ്രെഡ് ഓംലെറ്റ് നൽകാമെന്ന് അറിയിച്ചു. അബിലാഷ് ഭക്ഷണം നിരസിച്ചെങ്കിലും സൈനികൻ നൽകിയ ചോക്ലേറ്റുകൾ സന്തോഷത്തോടെ സ്വീകരിച്ചു.
അന്ന് പ്രദേശത്തെ താപനില ഏകദേശം നാല് ഡിഗ്രി സെൽഷ്യസായിരുന്നുവെന്നും ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ടെന്നും അബിലാഷ് പറഞ്ഞു. ഇത്രയും കഠിനമായ കാലാവസ്ഥയിലും പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തിനായി സേവനം ചെയ്യുന്ന സൈനികരുടെ സമർപ്പണവും ത്യാഗവും ഈ കൂടിക്കാഴ്ചയിലൂടെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതായും അദ്ദേഹം കുറിച്ചു. അതിർത്തി കാക്കുന്ന സൈനികരോട് ആദരവും നന്ദിയുമുണ്ടെന്നും അബിലാഷ് വ്യക്തമാക്കി.
വീഡിയോയ്ക്ക് 45 ലക്ഷത്തിലധികം കാഴ്ചകൾ ലഭിച്ചതായാണ് റിപ്പോർട്ട്. അപരിചിതനായ യാത്രികനോട് സ്നേഹത്തോടെ പെരുമാറുകയും ഭക്ഷണവും ചോക്ലേറ്റും നൽകുകയും ചെയ്ത സൈനികനെ അഭിനന്ദിച്ച് നിരവധി പേർ കമന്റുകളുമായെത്തി. ഒന്നോ രണ്ടോ ചോക്ലേറ്റുകളല്ല, ഒരു പിടി ചോക്ലേറ്റുകളാണ് അദ്ദേഹം നൽകിയതെന്ന് ഒരാൾ കുറിച്ചു. കൊടുംതണുപ്പിൽ ജോലി ചെയ്യുന്ന സൈനികരുടെ കരുതലും ലാളിത്യവും ഹൃദയസ്പർശിയാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.







Comments