
ബസ് യാത്രയ്ക്കിടെ യുവതിയെ അനാവശ്യമായി സ്പർശിച്ച തെലങ്കാന എംഎൽഎയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപദ.
തെലങ്കാനയിലെ ഒരു പൊതുപരിപാടിക്കിടെ പാർട്ടി പ്രവർത്തകരും ജനങ്ങളും തിങ്ങിനിറഞ്ഞ ബസിൽ വെച്ചാണ് സംഭവം. യുവതിയുടെ പിന്നിൽ നിന്ന എംഎൽഎ തിരക്കിന്റെ മറവിൽ പലതവണ അനാവശ്യമായി സ്പർശിക്കുന്നതും, അസ്വസ്ഥയായ യുവതി മാറിനിൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ചിന്മയി കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്.
"പൊതുസ്ഥലങ്ങളിൽ വെച്ച് പുരുഷന്മാർ നടത്തുന്ന ഇത്തരം വികൃതികളെ 'അബദ്ധത്തിൽ തട്ടിയതാണ്' എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്ന സമൂഹത്തിന്റെ ചിന്താഗതി മാറണം. ക്യാമറയിൽ ഇത്രയും തെളിവുകൾ വ്യക്തമായിരുന്നിട്ടും അധികാരം ഉള്ളതുകൊണ്ട് മാത്രം ഇത്തരം ആളുകൾ സംരക്ഷിക്കപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്," എന്ന് ചിന്മയി ആഞ്ഞടിച്ചു.
തെലങ്കാനയിലെ ഇബ്രാഹിംപട്ടണം എംഎൽഎ മൽറെഡ്ഡി രംഗറെഡ്ഡിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. തെലങ്കാനയിലെ ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കിയ പദ്ധതിയെക്കുറിച്ച് യാത്രികരായ സ്ത്രീകളോട് നേരിട്ട് ചോദിച്ചറിയുകയായിരുന്നു എംഎൽഎ. ഇതിനിടയിലാണ് എംഎൽഎ അനാവശ്യമായി പെൺകുട്ടിയെ സ്പർശിച്ചത്.വിഡിയോ വൈറലായതിന് പിന്നാലെ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
അതേസമയം, വീഡിയോ പ്രചരിപ്പിക്കുന്നത് പ്രതിപക്ഷ പാര്ട്ടിയായ ബിആർഎസ് ആണെന്നും പൂർണമായും തെറ്റായ രീതിയിലാണ് ഇത് പ്രചരിപ്പിക്കുന്നതെന്നും എംഎൽഎ മൽറെഡ്ഡി റംഗറെഡ്ഡി പറഞ്ഞു.







Comments