
പ്രായം വെറും അക്കമാണെന്ന് തെളിയിച്ച് 61-ാം വയസ്സിൽ അഞ്ച് മണിക്കൂർ തുടർച്ചയായി പ്ലാങ്ക് ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് കാനഡക്കാരിയായ ഡോണജീൻ വൈൽഡ്. അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്ത് നടന്ന ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസിലായിരുന്നു അപൂർവ നേട്ടം. വയറിലെയും ശരീരത്തിന്റെ മധ്യഭാഗത്തെയും പേശികളുടെ കരുത്തും സഹനശേഷിയും പരീക്ഷിക്കുന്ന പ്ലാങ്ക് വ്യായാമത്തിൽ അഞ്ച് മണിക്കൂർ നേരം ഒരേ നിലയിൽ തുടരുകയായിരുന്നു അവർ. മത്സരത്തിന്റെ ദൃശ്യങ്ങൾ സംഘാടകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വീഡിയോ വൈറലായി.
വ്യായാമത്തിനിടെ ശരീരം നിലത്തുനിന്ന് ഉയർത്തി കൈത്തണ്ടയിലും കാൽവിരലുകളിലും താങ്ങിനിർത്തുന്ന രീതിയാണ് പ്ലാങ്ക്. ഏതാനും മിനിറ്റുകൾ ഈ നിലയിൽ തുടരുന്നതുപോലും പലർക്കും പ്രയാസകരമായിരിക്കെ, മണിക്കൂറുകളോളം അതേ നിലയിൽ തുടരാൻ ഡോണജീന് കഴിഞ്ഞത് നിരവധി പേരെ അമ്പരപ്പിച്ചു. അഞ്ച് മണിക്കൂർ പൂർത്തിയാക്കിയതോടെ വനിതകളുടെ വയറുസംബന്ധമായ പ്ലാങ്ക് വിഭാഗത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രകടനത്തിനുള്ള ലോക റെക്കോർഡ് അവർ സ്വന്തമാക്കി. 2024ൽ നാല് മണിക്കൂറും 30 മിനിറ്റും പ്ലാങ്ക് ചെയ്ത് സ്ഥാപിച്ച സ്വന്തം റെക്കോർഡാണ് ഇതോടെ ഡോണജീൻ മറികടന്നത്.
വീഡിയോ വൈറലായതോടെ ഡോണജീനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്രയും നേരം ഒരേ നിലയിൽ തുടരാനുള്ള കരുത്തിനെ പ്രശംസിച്ചവർ, സ്വന്തം വ്യായാമശീലങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രചോദനമാണ് ഈ നേട്ടമെന്നും കുറിച്ചു. ഒരു മിനിറ്റ് പ്ലാങ്ക് ചെയ്യാൻ പോലും ബുദ്ധിമുട്ടുന്നവർക്ക് അഞ്ച് മണിക്കൂർ എന്നത് വിശ്വസിക്കാനാകാത്ത നേട്ടമാണെന്നായിരുന്നു ചിലരുടെ പ്രതികരണം. അതേസമയം, റെക്കോർഡ് പ്രകടനത്തിനിടെ ഡോണജീൻ ശരിയായ രീതിയിൽ പ്ലാങ്ക് ചെയ്തിരുന്നോ എന്ന സംശയവും ചിലർ ഉന്നയിച്ചു.
ഡോണജീന്റെ നേട്ടം പ്രായം കൂടിയാലും കൃത്യമായ പരിശീലനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും അസാധാരണമായ ശാരീരികക്ഷമത കൈവരിക്കാനാകുമെന്നതിന്റെ ഉദാഹരണമായാണ് പലരും കാണുന്നത്. എന്നാൽ സാധാരണക്കാർ മണിക്കൂറുകളോളം പ്ലാങ്ക് ചെയ്യാൻ ശ്രമിക്കേണ്ടതില്ലെന്നും ശരിയായ രീതിയിൽ കുറഞ്ഞ സമയം വ്യായാമം ചെയ്യുന്നതാണ് പ്രധാനമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും 61-ാം വയസ്സിൽ അഞ്ച് മണിക്കൂർ പ്ലാങ്ക് ചെയ്ത് റെക്കോർഡ് സ്ഥാപിച്ച ഡോണജീൻ വൈൽഡിന്റെ പ്രകടനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.







Comments