
കൊച്ചി: ഹൈക്കോടതി നിര്ദേശത്തിന്റെ പശ്ചാത്തലത്തില് പിണറായിക്ക് എതിരേ കേസെടുത്തില്ലെങ്കില് സര്ക്കാരിനെതിരേ പ്രതിഷേധമെന്ന് ബിജെപി. ഹൈക്കോടതിക്ക് പോലും കാര്യങ്ങള് ബോദ്ധ്യപ്പെട്ടിരിക്കുകയാണ് എന്നും നടപടിക്ക് പോയില്ലെങ്കില് ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ് ജോര്ജ്ജ് വ്യക്തമാക്കി. സര്ക്കാരിന് കേസെടുക്കാന് നിയമപരമായി ഇനിയൊരു തടസ്സവുമില്ലെന്നും കേസെടുക്കാതിരുന്നാല് സര്ക്കാരിന് ഭയമാണ് എന്നാണ് അതിനര്ത്ഥമെന്നും ഷോണ്ജോര്ജ്ജ് പറഞ്ഞു.
പിണറായിക്കും മുഹമ്മദ് റിയാസിനും വീണയ്ക്കും എതിരേ എഫ്.ഐ.ആര്. ഇടാന് ഹൈക്കോടതി നിര്ദേശം വന്നതിന് പിന്നാലെയാണ് ഷോണിന്റെ പ്രതികരണം. പിണറായി കുറ്റക്കാരനാണന്ന് ഹൈക്കോടതിക്ക് ബോദ്ധ്യപ്പെട്ടു. അന്വേഷണം എല്ലാവരിലേക്കും എത്തട്ടെ. സിപിഐഎം ഇനിയും ന്യായീകരിച്ചുകൊണ്ടിരിക്കും. പിണറായിയെ കോടതിശിക്ഷിക്കുമ്പോഴും അദ്ദേഹം ജയിലില് പോകുമ്പോഴും സിപിഐഎം ന്യായീകരിച്ചുകൊണ്ട് തന്നെയിരിക്കും.
പ്രതികളോട് ചോദിച്ചിട്ടാണോ കേസെടുക്കുന്നതെന്ന് ചോദിച്ച അദ്ദേഹം സര്ക്കാരിന്റെ ഇക്കാര്യത്തിലുള്ള ആത്മാര്ത്ഥതയും സത്യസന്ധതയുടെമെല്ലാം ഉടന് തിരിച്ചറിയുമെന്നും പറഞ്ഞു. കേസെടുക്കാന് സര്ക്കാരിന് യാതൊരു തടസ്സങ്ങളുമില്ല. അപ്പീല് പോകുന്നുണ്ടെങ്കില് സര്ക്കാരിന് ഭയമാണ് എന്നര്ത്ഥം. സര്ക്കാരിന് ഭയമില്ലെങ്കില് ഇന്ന് തന്നെ എഫ്ഐആര് ഇടാം. കേസിട്ടാല് പ്രതിപക്ഷ നേതാവായി ഒരു മണിക്കൂര് പോലൂം തുടരാന് പിണറായിക്ക് അര്ഹതയില്ല. കൈക്കൂലി കേസാണ്. ഹവാല ഇടപാടും കണ്ടെത്തിയിട്ടുണ്ട്.
ബിജെപിയ്ക്ക് ഇക്കാര്യത്തില് ഭയമില്ല. ബിജെപിയുടെ ഒരു നേതാക്കളും കരിമണല് കമ്പനിക്ക് ഒത്താശ ചെയ്തുകൊടുത്തിട്ടില്ല. കേസെടുത്തില്ലെങ്കില് സര്ക്കാരിനെതിരേ ബിജെപി ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങും. സിപിഐഎം വിശാലസമ്മേളനങ്ങള് നടത്തുന്നത് പിണറായിക്ക് അനുകൂലമായ നിലപാട് എടുക്കാനാണ്. സിപിഐഎമ്മില് നിന്നും നല്ല സഖാക്കളെല്ലാം പാര്ട്ടിവിട്ടുപോയി. പിണറായിയുടെ പങ്ക് കൈപ്പറ്റിയവരാണ് അദ്ദേഹത്തിനൊപ്പം നില്ക്കുന്നതെന്നും ഷോണ് പറഞ്ഞു.







Comments