
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കാൻ ഷാരൂഖ് ഖാന്റെ പ്രശസ്ത ഗാനം ആലപിച്ച് ഇസ്രായേൽ-അമേരിക്കൻ സംഗീതജ്ഞൻ ഇറ്റായ് ബെൻഡ. ‘തുജ് മേം റബ് ദിഖ്താ ഹേ’ എന്ന ഹിന്ദി ഗാനമാണ് അദ്ദേഹം പ്രത്യേകമായി പഠിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനായി സമർപ്പിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മച്ചാറിനോടും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരോടുമുള്ള നന്ദി അറിയിക്കാനാണ് ഗാനം ആലപിച്ചതെന്ന് ബെൻഡ വ്യക്തമാക്കി. ക്യാപ്റ്റൻ മച്ചാറിന് നന്ദി പറയാനുള്ള തന്റെ ചെറിയ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഗാനം പഠിച്ച് മനോഹരമായി ആലപിച്ച ബെൻഡിന്റെ ശ്രമത്തെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിനന്ദിച്ചത്.
2008-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാനും അനുഷ്ക ശർമയും അഭിനയിച്ച ‘രബ് നേ ബനാ ദി ജോഡി’ എന്ന ചിത്രത്തിലെ ഗാനമാണിത്. രൂപ് കുമാർ റാത്തോഡ് ആലപിച്ച ഗാനം ക്യാപ്റ്റൻ മച്ചാറിനുള്ള ആദരസൂചകമായി തിരഞ്ഞെടുത്തത് ഏറെ ശ്രദ്ധ നേടി. ഗാനത്തിന്റെ തിരഞ്ഞെടുപ്പിനെയും ഹിന്ദി ഉച്ചാരണത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി.
സെപ്റ്റംബർ 30-ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് കത്തിയുപയോഗിച്ച് മച്ചാറിനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണത്തിൽ ഇടപെടാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പരിക്കേറ്റിട്ടും പ്രതിസന്ധിയെ നേരിടാൻ മച്ചാർ ധൈര്യത്തോടെ ഇടപെട്ടു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ട് അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 174 പേരും രക്ഷപ്പെട്ടു. ഈ ധീരമായ ഇടപെടലിനുള്ള ആദരമായാണ് ബെൻഡയുടെ സംഗീത സമർപ്പണം ശ്രദ്ധ നേടുന്നത്.







Comments