
മദീര: കോച്ച് ജോര്ജ്ജ് ജീസസുമായുള്ള ഭിന്നതകളെ തുടര്ന്ന് ദേശീയ ക്യാമ്പില് നിന്ന് മടങ്ങിയ സൂപ്പര്താരം ക്രിസ്ത്യാനോ റൊണാള്ഡോയ്ക്ക് കിട്ടാവുന്ന ശിക്ഷ കുറഞ്ഞേക്കും. പോര്ച്ചുഗല് ഫുട്ബോള് ഫെഡറേഷന്റെ നിയമം അനുസരിച്ച് പരമാവധി ആറുമാസം വരെ കിട്ടിയേക്കാവുന്ന ശിക്ഷ വെറും 15 ദിവസത്തെ സസ്പെന്ഷനായി മാറും. ഇതോടെ താരത്തിന് പോര്ച്ചുഗീസ് ടീമില് വീണ്ടും കളിക്കാനുള്ള സാധ്യതയും ഏറി.
നിലപാട് വ്യക്തമാക്കുകയും തെറ്റ് ഏറ്റ് മാപ്പു പറയുകയും ചെയ്തതാണ് പോര്ച്ചുഗല് ക്യാപ്റ്റന് ആശ്വാസമാകുക. കുറഞ്ഞ ശിക്ഷയായ ഒരു മാസത്തെ വിലക്കും 510 യൂറോ പിഴയുമാണ് 15 ദിവസവും 255 യൂറോ പിഴയുമായി കുറയുക. ഇതോടെ കോച്ച് അനുവദിച്ചാല് നവംബര് 14-ന് ഡെന്മാര്ക്കിനെതിരെ യും മൂന്ന് ദിവസത്തിന് ശേഷം വെയ്ല്സിനെതിരെയും നടക്കുന്ന വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില് റൊണാള്ഡോയ്ക്ക് വീണ്ടും കളിക്കാനാകും.
പോര്ച്ചുഗീസ് ഫുട്ബോള് ഫെഡറേഷന്റെ അച്ചടക്ക നിയമം അനുസരിച്ച് ടീമിലേക്ക് വിളിക്കപ്പെട്ടയാള് യാതൊരു ന്യായീകരണവുമില്ലാതെ പരിശീലന ക്യാമ്പിലോ മത്സരത്തിലോ ദേശീയ ടീമിന്റെയോ പോര്ച്ചുഗീസ് ഫുട്ബോള് ഫെഡറേഷന്റെയോ പ്രവര്ത്തനങ്ങളില് പങ്കെടുക്കാതിരിക്കുകയോ വിട്ടുനില്ക്കുകയോ ചെയ്യുന്ന കളിക്കാരന് ഒരു മാസം മുതല് ആറ് മാസം വരെ സസ്പെന്ഷനും പിഴയും ശിക്ഷയായി ലഭിക്കും എന്നാണ്.
പരിശീലകന് ജോര്ജ്ജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്ന്ന് ക്യാമ്പ് വിട്ട ക്രിസ്റ്റ്യാനോ റൊണാള്ഡോ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ചെയ്ത പ്രവൃത്തിയുടെ കാരണം വിശദീകരിച്ചും സഹതാരങ്ങളോടും ആരാധകരോടും ഖേദം പ്രകടിപ്പിച്ചും താരം ചൊവ്വാഴ്ച പ്രസ്താവന പുറത്തിറക്കിയതാണ് സൂപ്പര്താരത്തെ തുണയ്ക്കുന്നത്. പോര്ച്ചുഗീസ് ഫുട്ബോള് ഫെഡറേഷന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും, നിയമങ്ങള് അനുസരിച്ച് ഒരുമാസം മുതല് ആറുമാസം വരെയുള്ള ശിക്ഷയാണ് 15 ദിവസമായി കുറയുന്നത്.







Comments