
ബ്യൂണസ് ഐറിസ്: ലയണല് മെസ്സിയുടെ വിടവാങ്ങല് മത്സരത്തിന് ശേഷം അര്ജന്റീനയെ വിമര്ശിച്ച് എതിരാളികളായ ബെനിന് ടീമിന്റെ പരിശീലകന് രംഗത്ത്. കളിയില് ഒഴികെ ഇതിഹാസ നായകന്റെ അരികിലേക്കോ അര്ജന്റീന ടീമിന്റെ പരിസരത്തേക്കോ ഫോട്ടോയെടുക്കാന് പോലും തങ്ങളെ അടുപ്പിച്ചില്ലെന്നാണ് പരാതി.
ബെനിന് ടീം മാനേജരായ ഗെര്നോട്ട് റോര് ആണ് അര്ജന്റീന കളിക്കാര് തന്റെ ടീമിന് ഒന്നും നല്കിയില്ലെന്ന ആരോപണവുമായി എത്തിയിരിക്കുന്നത്. ഈ ആഴ്ച ആദ്യം ബെനിനെതിരായ സൗഹൃദ മത്സരത്തോടെയാണ് ലിയോണേല് മെസ്സി അര്ജന്റീനയ്ക്കായുള്ള തന്റെ വൈകാരികമായ അവസാന മത്സരം കളിച്ചത്. പതിവുള്ളതുപോലെ മത്സരം പൂര്ത്തിയായ ശേഷം മെസ്സിക്കൊപ്പം ചിത്രങ്ങളെടുക്കാനോ ജേഴ്സി കൈമാറാനോ ബെനിന് താരങ്ങളെ അര്ജന്റീന അനുവദിച്ചില്ലെന്ന് ഗെര്നോട്ട് വെളിപ്പെടുത്തി. തടഞ്ഞതിനാല് അര്ജന്റീനിയന് കളിക്കാരുടെ പ്ലെയര് ഇടനാഴിയിലേക്ക് പ്രവേശിക്കാന് പോലും ബെനിന് താരങ്ങള്ക്ക് കഴിഞ്ഞില്ല.
''ഞങ്ങളുടെ കളിക്കാര് പരമാവധി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അര്ജന്റീന താരങ്ങള് ഞങ്ങള്ക്ക് ഒന്നും നല്കിയില്ല, മെസ്സിക്കൊപ്പം ഒരു ചിത്രം പോലും ലഭിച്ചില്ല.'' ഗെര്നോട്ട് റോര് ആര്.എം.സി സ്പോര്ട്സിനോട് പറഞ്ഞു. അര്ജന്റീന കളിക്കാര് കൂടുതല് സഹകരണമനോഭാവം കാണിച്ചിരുന്നെങ്കില് തോല്വിക്കിടയിലും ഈ അനുഭവം തങ്ങള്ക്ക് മികച്ചതായേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മത്സരത്തില് എതിരില്ലാത്ത മൂന്ന് ഗോളുകള്ക്കാണ് അര്ജന്റീന ബെനിനെ തോല്പ്പിച്ചത്. ആദ്യ പകുതി ഗോള്രഹിതമായി പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില് നിക്കോളാസ് ഒട്ടാമെന്ഡി, നിക്കോ പാസ് എന്നിവരുടെ ഗോളുകള്ക്ക് മെസ്സി വഴിയൊരുക്കി. തുടര്ന്ന് ലഭിച്ച പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി അര്ജന്റീനയുടെ വിജയം പൂര്ത്തിയാക്കുകയായിരുന്നു.







Comments