
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10-ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതിനെയും മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ നിർദ്ദേശിച്ചതിനെയും ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. സി.പി.ഐ.എം നേതാവ് എം. എ. ബേബിയുടെ ഹർജിയിലാണ് അഭിഭാഷകർ കോടതിയെ സമീപിച്ചത്.
എന്നാൽ, ജന്തർമന്തറിൽ പ്രതിഷേധം നടത്തുന്നതിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ച തീരുമാനം എന്തുകൊണ്ടാണ് പ്രതിഷേധക്കാർ ചോദ്യം ചെയ്യാത്തതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പോലീസ് അനുമതി നിഷേധിച്ച നടപടി ചോദ്യം ചെയ്യാത്തിടത്തോളം, പ്രതിഷേധത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
പോലീസ് അനുമതി നിഷേധിച്ച ആ പ്രധാന ഉത്തരവിനെ ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്തിട്ടില്ല. അനുമതിയില്ലാത്ത ഒരു സമരം നിയമവിരുദ്ധമാണ്. അതിനാൽ അനുമതി നിഷേധിച്ച പോലീസിന്റെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യാതെ, അതിനായി ഏർപ്പെടുത്തിയ വഴിതടസ്സങ്ങളും നിയന്ത്രണങ്ങളും മാറ്റാൻ കോടതിക്ക് ഉത്തരവിടാനാകില്ല എന്നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.
ഏതൊരു പൗരനും സ്വാഭാവികമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് കപിൽ സിബൽ വാദിച്ചു. എന്നാൽ നിർദ്ദിഷ്ട സ്ഥലത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും, അനുമതിയില്ലാതെ പ്രകടനം നടത്തുന്നത് പ്രതിഷേധക്കാരെ നിയമനടപടികൾക്ക് വിധേയരാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പ്രതിഷേധക്കാർ അനുമതി നിഷേധിച്ച നടപടിയെ ചോദ്യം ചെയ്യുകയും പ്രതിഷേധ കൂട്ടായ്മയെക്കുറിച്ച് ഉറപ്പുകൾ നൽകുകയും ചെയ്താൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് പരിഗണിക്കാമെന്നും ബെഞ്ച് സൂചിപ്പിച്ചു. പങ്കെടുക്കാൻ പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങളും, പ്രതിഷേധക്കാർ സമാധാനം പാലിക്കുമെന്നും ആയുധങ്ങൾ കയ്യിൽ കരുതുകയില്ലെന്നുമുള്ള ഉറപ്പുകളും ആവശ്യപ്പെടാൻ കഴിയുമെന്ന് കോടതി പറഞ്ഞു. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ, ക്രമസമാധാന പ്രശ്നങ്ങൾ തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.







Comments