
സോഷ്യല് മീഡിയയ്ക്കും മലയാള സിനിമാ-ടെലിവിഷന് പ്രേക്ഷകര്ക്കും ഏറെ പ്രിയങ്കരരായ താരദമ്പതിമാരാണ് ലക്ഷ്മി മേനോനും മിഥുന് രമേഷും. അവതാരകനായി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായും റേഡിയോ ജോക്കിയായുമൊക്കെയാണ് മിഥുന് തിളങ്ങി നില്ക്കുന്നത്. എന്നാല് ലക്ഷ്മിയാകട്ടെ വര്ഷങ്ങളായി തിളങ്ങി നില്ക്കുന്ന സോഷ്യല് മീഡിയ താരമാണ്. ടിക് ടോക്കിന്റെ കാലം മുതല്ക്കേ കാഴ്ച്ചക്കാര് ഇഷ്ടപ്പെടുന്ന നര്മ്മരസമുള്ള കണ്ടന്റുകള് നല്കിയിരുന്ന ലക്ഷ്മി പിന്നീട് അഭിനേത്രിയായും വ്ലോഗറായുമൊക്കെ തിളങ്ങി. മിഥുനും മകൾ തൻവിക്കുമൊപ്പമുള്ള തമാശ നിറഞ്ഞ റീൽസുകളിലൂടെയും കുടുംബവിശേഷങ്ങളിലൂടെയുമാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാകുന്നത്. രസകരമായ റീല്സ് വീഡിയോ പങ്കിട്ട് അന്നിമിന്നും ലക്ഷ്മി സോഷ്യല് മീഡിയ സ്റ്റാറായി തിളങ്ങി നില്ക്കുകയാണ്.
ഇപ്പോഴിതാ ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ രസകരമായ ഒരു വീഡിയോ പങ്കിടുകയാണ് ലക്ഷ്മി മേനോന്. വീഡിയോയില് മിഥുന്റെ മുഖം കാണുന്നില്ലെങ്കിലും ശബ്ദം കൊണ്ട് മിഥുനും ഈ വീഡിയോയില് നര്മ്മം പകരുന്നുണ്ട്. സർജറിക്കോ ചികിത്സയ്ക്കോ ശേഷം അനസ്തേഷ്യയുടെ മയക്കത്തിൽ ഭർത്താവ് മിഥുനോട് സംഭാഷണം നടത്തുന്ന ലക്ഷ്മിയെ വീഡിയോയില് കാണാം. അനസ്തേഷ്യയുടെ സ്വാധീനത്തിൽ വാക്കുകൾ വ്യക്തമല്ലാതെയാണ് ലക്ഷ്മി വീഡിയോയിൽ സംസാരിക്കുന്നത്. മാഫിയയുടെയും അധോലോക തലവന്മാരുടെയും ലോകത്തായിരുന്നു താനെന്നും കാർ ക്രാഷ് സംഭവിച്ചെന്നുമൊക്കെയാണ് അബോധാവസ്ഥയിൽ ഭർത്താവ് മിഥുനോട് ലക്ഷ്മി പറയുന്നത്. അനസ്തേഷ്യയിൽ നിന്ന് പൂർണ്ണമായി മുക്തയായാലും അധോലോക വിഷയം വിട്ടൊരു കളിയില്ലെന്ന് ലക്ഷ്മി തമാശയായി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘‘അനസ്തേഷ്യയുടെ മയക്കത്തിൽ നിന്നുണർന്നെങ്കിലും, അധോലോക വിഷയം വിട്ടൊരു കളിയില്ല. സിറാജ് ഇക്ക, ഡോ. അനീഷ, റസീന, അർച്ചന, ശ്രുതി, ഐറിൻ എന്നിവർക്ക് വലിയൊരു നന്ദി. ആശുപത്രിവാസത്തിനിടയിൽ എന്നെ നന്നായി പരിചരിക്കുകയും, സുരക്ഷിതത്വവും ആശ്വാസവും നൽകി ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
അവിടെ ചെലവഴിച്ച സമയമത്രയും നിങ്ങൾ നൽകിയ കരുതലിനും സ്നേഹത്തിനും ക്ഷമയ്ക്കും പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. എന്റെ രോഗമുക്തിയിൽ പങ്കുവഹിച്ച ഓരോ ജീവനക്കാരനോടും നന്ദി പറയുന്നു.
ആരുടെയെങ്കിലും പേര് പറയാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. നിങ്ങൾ ആരൊക്കെയാണെന്ന് നിങ്ങൾക്കറിയാമല്ലോ; നിങ്ങളോരോരുത്തരോടുമുള്ള എന്റെ നന്ദിയും ആദരവും നിങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എന്നെ ഇത്രയധികം നന്നായി പരിചരിച്ചതിനും വീണ്ടും ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതിനും നന്ദി. എന്നും നിങ്ങൾക്കായി എന്റെ നന്ദിയുണ്ടാകും....’’ എന്നാണ് ലക്ഷ്മി മേനോന് കുറിച്ചിരിക്കുന്നത്. തന്നെ പരിപാലിച്ച ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും നന്ദി അറിയിച്ചാണ് ഇന്സ്റ്റഗ്രാം പോസ്റ്റെങ്കിലും രോഗം എന്താണെന്ന് ലക്ഷ്മി പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.
ആരോഗ്യനില വേഗത്തിൽ തൃപ്തികരമാകട്ടെ എന്ന് ആശംസിച്ച് നിരവധി പേര് കമന്റുകള് കുറിക്കുന്നുണ്ട്. കൂടുതല് പേരും താരത്തിന്റെ അസുഖമെന്താണ് എന്നാണ് കമന്റ് ബോക്സിലൂടെ ചോദിക്കുന്നത്. എന്നാൽ രോഗവിവരത്തെക്കുറിച്ച് മിഥുനോ ലക്ഷ്മിയോ ഇതുവരെ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. 2025-ൽ തിയേറ്ററുകളിലെത്തിയ ‘റോന്ത്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ അഭിനയരംഗത്തും ലക്ഷ്മി കൈയടി നേടിയിരുന്നു.







Comments