
ഉത്തരാഖണ്ഡിൽ ചെറിയൊരു വാഹനാപകടത്തിന് പിന്നാലെ കാർ ഡ്രൈവർ സ്വീകരിച്ച വ്യത്യസ്തമായ സമീപനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാർ തട്ടിയ വഴിയാത്രക്കാരനോട് ദേഷ്യപ്പെടുകയോ തർക്കത്തിലേർപ്പെടുകയോ ചെയ്യുന്നതിന് പകരം, വാഹനത്തിൽനിന്ന് പുറത്തിറങ്ങി യുവാവിനെ ചേർത്തുപിടിക്കുകയായിരുന്നു ഡ്രൈവർ. അപകടത്തിൽ പരിക്കേറ്റിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതുപോലെ തോന്നിക്കുന്ന ഈ ദൃശ്യം ഇതിനോടകം വൈറലായിട്ടുണ്ട്.
റോഡരികിലൂടെ ഇളംനിറത്തിലുള്ള വസ്ത്രം ധരിച്ച് നടന്നുപോവുകയായിരുന്ന യുവാവിനെ ചുവന്ന ഹാച്ച്ബാക്ക് കാർ ചെറുതായി ഇടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇടിയുടെ പിന്നാലെ കാർ നിർത്തിയ ഡ്രൈവർ ഉടൻ പുറത്തിറങ്ങി വഴിയാത്രക്കാരന്റെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് കുറ്റപ്പെടുത്തലുകളിലേക്കോ വാക്കുതർക്കത്തിലേക്കോ കടക്കാതെ യുവാവിനെ ചേർത്തുപിടിച്ചു. പിന്നീട് ഇരുവരും കാറിനരികിൽ നിന്ന് കുറച്ചുസമയം സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഉത്തരാഖണ്ഡ് പോലീസാണ് സിസിടിവി ദൃശ്യങ്ങൾ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. റോഡപകടങ്ങൾക്കു പിന്നാലെ പ്രകോപിതരാകുന്നതിനുപകരം സംയമനത്തോടെയും കരുതലോടെയും പെരുമാറേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് വീഡിയോ പങ്കുവെച്ചത്. അപകടമുണ്ടായാൽ ആദ്യം പരിക്കുകളുണ്ടോയെന്ന് പരിശോധിക്കുകയും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന സന്ദേശവും പോലീസ് മുന്നോട്ടുവച്ചു.
ഡ്രൈവറുടെ പെരുമാറ്റത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, അപകടങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ വേഗം നിയന്ത്രിക്കണമെന്നും കാൽനടയാത്രക്കാർ റോഡിലൂടെ നടക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ചിലർ ഓർമിപ്പിച്ചു. ചെറിയൊരു അപകടം പോലും വലിയ തർക്കത്തിലേക്ക് മാറാവുന്ന സാഹചര്യത്തിൽ, ശാന്തതയും സഹാനുഭൂതിയും കൈവിടാതെയുള്ള ഡ്രൈവറുടെ പ്രതികരണമാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.







Comments