
ന്യൂഡല്ഹി: തലസ്ഥാനത്ത് സിജെപി പ്രതിഷേധത്തിന് മുമ്പായി സിജെപി പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെ കസ്റ്റഡിയില് എടുത്തു. ഗുഡ്ഗാവിലെ വീട്ടില് നിന്നുമാണ് കസ്റ്റഡിയില് എടുത്തത്. ബംഗലുരുവിലെ സമരത്തില് പങ്കെടുത്തിരുന്നു. ഡല്ഹിയില് നടക്കുന്ന സമരത്തില് പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുംബൈയില് നിന്നും ഡല്ഹിയിലേക്ക് വരുന്ന അഭിജിത് ദീപ്കേ അടക്കമുള്ളവരെ വിമാനത്താവളത്തില് നിന്നും കസ്റ്റഡിയില് എടുത്തേക്കും.
മോഡിയുടെ കടുത്ത വിമര്ശകനായ യൂട്യൂബറായ ധ്രുവ് റാഠി മുമ്പ് നരേന്ദ്രമോദിയെ വിമര്ശിച്ചുകൊണ്ട് ശ്രദ്ധനേടിയ ആളാണ്. സിജെപി പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷാ സംവിധാനമാണ് ഡല്ഹിയില് ഒരുക്കിയിട്ടുള്ളത്. പോലീസിന്റെ ഔദ്യോഗിക റിപ്പോര്ട്ട് പ്രകാരം 500 ലധികം വിദ്യാര്ത്ഥികളെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണി മുതല്, ജന്പഥ്-കര്ത്തവ്യ പഥ് ക്രോസിംഗിന് ചുറ്റുമുള്ള 4 കിലോമീറ്റര് ചുറ്റളവില് 24 മണിക്കത്തേക്ക് ഇന്റര്നെറ്റ് സേവനങ്ങളും തടഞ്ഞിട്ടുണ്ട്.
നിയന്ത്രണങ്ങള് വകവെയ്ക്കാതെ, ജന്തര്മന്ദറില് പ്രതിഷേധിക്കാനുള്ള തീരുമാനവുമായി സന്നദ്ധപ്രവര്ത്തകരും പിന്തുണക്കാരും മുന്നോട്ട് പോകുമെന്ന് സി.ജെ.പി സ്ഥാപകന് അഭിജീത് ദിപ്കെ പറഞ്ഞു. ജന്തര്മന്ദറിലേക്ക് ആരേയും കടത്തിവിടുന്നില്ല. ആരെങ്കിലും കാല് കുത്തിയാല് അപ്പോള് തന്നെ കസ്റ്റഡിയില് എടുക്കുന്ന രീതിയിലാണ് കാര്യങ്ങള്. അഭിജിത് ദീപ്കേ മുംബൈയില് നിന്നും വിമാനമാര്ഗ്ഗം ഡല്ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.







Comments