
തിരുവനന്തപുരം: കൗണ്സിലര് ആര്. സുഗതന്റെ വ്യാജ ഒപ്പിട്ടു എന്ന പരാതിയില് ഫോറന്സിക് പരിശോധന. മേയറുടെ ഓഫീസില്നിന്നു കണ്ടെടുത്ത കൗണ്സില് യോഗത്തിന്റെ ഹാജര്ബുക്ക് പോലീസ് അടുത്തദിവസം കോടതിവഴി ഫൊറന്സിക് പരിശോധനയ്ക്ക് അയക്കും.
ഒപ്പുകള് ശാസ്ത്രീയമായി താരതമ്യംചെയ്ത് വ്യാജമാണോ അല്ലയോ എന്നതില് വ്യക്തതവരുത്തുകയാണ് ലക്ഷ്യം. സുഗതന്റെ ഫെബ്രുവരി 26, മാര്ച്ച് 11, ഏപ്രില് 27 തീയതികളിലെ കൗണ്സില് യോഗങ്ങളിലെ ഒപ്പാണ് വിവാദമായിരിക്കുന്നത്. ഈ ദിവസങ്ങളില് സുഗതന് പങ്കെടുത്തില്ലെന്നും വ്യാജഒപ്പ് ഇട്ടിരിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എല്.ഡി.എഫ്. പാര്ലമെന്ററി പാര്ട്ടി ലീഡര് ദീപക് എസ്.പി. നല്കിയ പരാതിയില് ക്രിമിനല് ഗൂഢാലോചനയും വ്യാജ രേഖ ചമയ്ക്കല് ഉള്പ്പെടെ വകുപ്പുകളിട്ടാണ് പോലീസ് കേസെടുത്തത്.
വ്യാജ ആരോപണമാണെന്നുകാട്ടി എസ്.പി. ദീപക്കിനെതിരേ മേയര് വക്കീല് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകുന്ന നിലപാടില് പ്രതിപക്ഷവും ഇവര്ക്കെതിരേ മാനനഷ്ട കേസും പ്രത്യാരോപണങ്ങളുമായി മേയറും രംഗത്ത് വന്നിട്ടുണ്ട്. ഇതിനുപിന്നാലെ ഏപ്രില് 27ലെ കൗണ്സില് യോഗത്തില് സുഗതന് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള് മേയര് പങ്കുവെച്ചു. മറ്റു ദിവസങ്ങളിലെ ചിത്രം കോര്പ്പറേഷന് ഫോട്ടോഗ്രാഫര് എടുത്തിട്ടുണ്ടെന്നും അവ പോലീസിനു കൈമാറിയെന്നും മേയര് അറിയിച്ചു.
ഈ കേസില് മേയര് വി.വി. രാജേഷ് ഒന്നാം പ്രതിയും കൗണ്സിലര് സുഗതനും കോര്പ്പറേഷന് സെക്രട്ടറി മുഹമ്മദ് ഷാഫിയും രണ്ടും മൂന്നും പ്രതികളുമാണ്. പരാതിയില് കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില് കണ്ടതിനെ തുടര്ന്നാണ് കേസെടുത്തത്.
കോര്പ്പറേഷന് ഭരണം നിലനിര്ത്താനായി ബി.ജെ.പി. കൗണ്സിലര് ആര്. സുഗതന്റെ വ്യാജ ഒപ്പ് ഹാജര്ബുക്കില് രേഖപ്പെടുത്തി എന്നതാണ് ആരോപണം. വാഴോട്ടുകോണം കൗണ്സിലര് സുഗതന് ഒളിവിലായിരുന്ന സമയത്ത് നടന്ന കൗണ്സില് യോഗങ്ങളില് ഇയാള് പങ്കെടുത്തതായി വരുത്തിത്തീര്ക്കാന് ഒപ്പ് വ്യാജമായി രേഖപ്പെടുത്തി എന്നാണ് എല്.ഡി.എഫ്. പരാതിയില് പറയുന്നത്.







Comments