
ഉത്തർപ്രദേശിലെ ബിജ്നോറിൽ ബാങ്കിനുള്ളിൽ സഹപ്രവർത്തകനെ ബാങ്ക് മാനേജർ ചവിട്ടിവീഴ്ത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നജീബാബാദിലെ ഇന്ത്യൻ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരു ജീവനക്കാരൻ മറ്റൊരാളെ ചവിട്ടുന്നതും നിലത്തുവീണ ഇയാൾ ബോധരഹിതനാകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബാങ്കിനുള്ളിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
2026 ഒക്ടോബർ ആറിനാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ബാങ്കിലെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായ ഗൗരവ് സിങ്ങാണ് ബ്രാഞ്ച് മാനേജർ സുധീർ കുമാറിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തനിക്കുനേരെ ശാരീരിക ആക്രമണം നടത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗൗരവ് പരാതിയിൽ ആരോപിച്ചു. ജോലിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട അവധിയിലായിരുന്ന തന്നെ, തനിക്കെതിരായ പരാതിയിൽ വിശദീകരണം തേടാനായി അന്ന് ബാങ്ക് ശാഖയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് ഗൗരവ് പറയുന്നത്.
ബാങ്കിലെത്തിയപ്പോൾ മാനേജർ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി ഗൗരവ് ആരോപിച്ചു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയുമായിരുന്നു എന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും ഗൗരവ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മാനേജർക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയായിട്ടില്ല.
സംഭവത്തെ തുടർന്ന് ഗൗരവ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നജീബാബാദ് സർക്കിൾ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബാങ്കിനുള്ളിൽ സഹപ്രവർത്തകനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ജോലിസ്ഥലത്തെ പെരുമാറ്റത്തെക്കുറിച്ചും ജീവനക്കാർ തമ്മിലുള്ള തർക്കങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയരുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.







Comments