
ന്യൂഡൽഹി: സിജെപിയുടെ പ്രധാന നേതൃത്വം കസ്റ്റഡിയിലായതോടെ, പ്രതിഷേധ നീക്കത്തിന്റെ ചുമതല ദിപ്കെ അജിങ്ക്യ ഷിൻഡെയ്ക്ക് കൈമാറി. മറ്റ് നേതാക്കൾ മോചിതരാകുന്നതുവരെ സിജെപിയുടെ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് ശനിയാഴ്ച പുറത്തുവിട്ട മുൻകൂട്ടി ചിത്രീകരിച്ച വീഡിയോയിലൂടെ ദിപ്കെ അറിയിച്ചു.
അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കഴിഞ്ഞ രാത്രി തന്നെ അഭിജിത് ഈ വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. വിമാനത്തിൽ വെച്ച് ദിപ്കെയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, നേതൃത്വത്തിന്റെ അസാന്നിധ്യത്തിൽ ഷിൻഡെയ്ക്ക് ചുമതല കൈമാറുന്ന വീഡിയോ സിജെപിയുടെ 'എക്സ് ഹാൻഡിലിൽ പങ്കുവെച്ചു.
'നിങ്ങൾ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ, ഞാനും സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റിലായി എന്നാണ് അതിനർത്ഥം. ഞങ്ങളുടെ അസാന്നിധ്യത്തിൽ അജിങ്ക്യ പ്രതിഷേധത്തിനും സിജെപി പ്രസ്ഥാനത്തിനും നേതൃത്വം നൽകും. ദയവായി അദ്ദേഹത്തെ പിന്തുടരുക,' വീഡിയോയിൽ ദിപ്കെ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാൻ മുംബൈയിൽ നിന്ന് വിമാനമാർഗ്ഗം ഡൽഹിയിലെത്തിയപ്പോഴാണ് ദിപ്കെയെയും സിജെപി അംഗങ്ങളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും പോലീസ് വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുത്തത്.







Comments