
ഭാഗ്യദേവത എന്ന സിനിമയില് ജയറാമിന്റെ സഹോദരിയായി വെള്ളിത്തിരയില് അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് നിഖില വിമല്. പിന്നീട് നായികയായി ദിലീപിനൊപ്പം എത്തിയപ്പോഴും താരത്തെ പ്രേക്ഷകര് ഹൃദയപൂര്വ്വം സ്വീകരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലുമടക്കം നിരവധി മികച്ച കഥാപാത്രങ്ങള് ചെയ്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നിഖിലയെ പ്രേക്ഷകര്ക്കും ഏറെ പ്രിയങ്കരിയാണ്. സോഷ്യല് മീഡിയയിലും തിളങ്ങി നില്ക്കുന്ന താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
അഭിനയമികവില് മാത്രമല്ല തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറഞ്ഞും പലപ്പോഴും താരം ശ്രദ്ധ നേടിയിട്ടുണ്ട്. അഭിമുഖങ്ങളിലെ ബോൾഡ് ആയതും രൂക്ഷവുമായ മറുപടികള് കാരണം ആരാധകർ നിഖിലയ്ക്ക് ‘തഗ്ഗ് സ്റ്റാർ’ എന്നൊരു വിളിപ്പേരും നല്കിയിരുന്നു. വ്യക്തമായ നിലപാടുകള് തുറന്നുപറയുന്നതിനാല് സോഷ്യല് മീഡിയയിലൂടെ വിമര്ശനങ്ങള് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പ്രൊഫഷണല് ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും വ്യക്തിജീവിതത്തിലെ ഇഷ്ടങ്ങളെക്കുറിച്ചും താരം ഇന്നും നിലപാടുകള് വ്യക്തമാക്കാറുണ്ട്.
ഇപ്പോഴിതാ ഒരു പരിപാടിയില് പങ്കെടുക്കുന്നതിനിടെ വിദ്യാര്ത്ഥികള്ക്ക് വ്യക്തമായ രാഷ്ട്രീയം വേണമെന്ന് പറയുകയാണ് നിഖില. ജാതി, മത വര്ഗീയത ഉണ്ടാകരുതെന്നും പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണമെന്നുമാണ് താരം പറഞ്ഞത്.
‘‘ഇവിടെ പ്രിന്സിപ്പാള് പറഞ്ഞ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാന് ഞാന് ആഗ്രഹിക്കുകയാണ്. ജാതി മത വര്ഗീയ രാഷ്ട്രീയ ബോധങ്ങള് നമുക്ക് ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാണ്. ജാതി, മത വര്ഗീയത നമുക്ക് ഉണ്ടാകരുത്. പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അതില് കക്ഷി രാഷ്ട്രീയം വേണം എന്ന് ഞാന് പറയില്ല. നിങ്ങള് എന്ത് ഭക്ഷണം കഴിക്കണം എന്നുള്ളതിലും, എന്ത് കഴിക്കണം, എങ്ങനെ സംസാരിക്കണം, പ്രവര്ത്തിക്കണം എന്നുള്ളതിലെല്ലാം ഒരു രാഷ്ട്രീയമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്. ആ രാഷ്ട്രീയം ജീവിതത്തില് ഉണ്ടായിരിക്കുക എന്നുള്ളതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്...’’ എന്നാണ് നിഖില പറഞ്ഞത്. താരത്തിന്റെ വാക്കുകളെ നിറകൈയടിയോടെയാണ് വിദ്യാര്ത്ഥികള് സ്വീകരിച്ചത്. നിലപാടുകള് തുറന്നു പറയാനുള്ള ഈ തന്റേടമാണ് താരത്തെ മറ്റുള്ള അഭിനേത്രികളില് നിന്ന് വ്യത്യസ്തയാക്കുന്നത് എന്നാണ് വീഡിയോയ്ക്ക് താഴെ പലരും കുറിക്കുന്ന കമന്റുകള്. എന്നാല് താരത്തിന്റെ ഈ തുറന്നു പറച്ചിലിനെ വിമര്ശിക്കുന്നവരും കുറവല്ല.
കരിയറില് വളരെ സെലക്ടീവായി മാത്രം സിനിമകള് തെരഞ്ഞെടുക്കാറുള്ള നിഖിലയുടെ അവസാനം റിലീസായ ചിത്രം ധൂമകേതു ആണ്. സുധി മാഡിസണ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ടൈം ലൂപ്പ് ചിത്രത്തില് സജിന് ഗോപു, ഗണപതി, ഷൈന് ടോം ചാക്കോ, സിദ്ധാര്ത്ഥ് ഭരതന് തുടങ്ങിയവരും ഈ സിനിമയില് പ്രധാനവേഷത്തിലെത്തിയിരുന്നു.







Comments