
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധം പോലീസ് തടഞ്ഞതിനെ തുടർന്ന് ശനിയാഴ്ച തലസ്ഥാനത്തുടനീളം 4,000-ത്തോളം പേരെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ നിയന്ത്രണങ്ങൾ ട്രെയിൻ, മെട്രോ സർവീസുകളെയും റോഡ് ഗതാഗതത്തെയും മൊബൈൽ ഇന്റർനെറ്റിനെയും ബാധിച്ചു. പ്രമുഖ പ്രതിപക്ഷ നേതാക്കളെയടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഡൽഹിയിൽ പുതിയ പ്രതിഷേധ പരിപാടി നടത്തുമെന്ന് ഇന്ത്യസഖ്യം പ്രഖ്യാപിച്ചു.
സമരക്കാരെ തടയുന്നതിനായി പോലീസ്ജന്തർ മന്തറിലേക്കുള്ള റോഡുകൾ പോലീസ് പൂർണ്ണമായി അടയ്ക്കുകയും പ്രതിഷേധ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പലയിടത്തുവെച്ച് സമരക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പലരെയും ബസുകളിൽ താത്കാലിക തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്രധാന കൂട്ടായ്മ തടഞ്ഞെങ്കിലും, ഡൽഹി നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ചെറിയ സംഘങ്ങളായി ആളുകൾ പ്രതിഷേധം സംഘടിപ്പിച്ചു.
നിയന്ത്രണങ്ങൾ ഡൽഹിയിലൂടെ യാത്ര ചെയ്യുന്നവരെയും പ്രതികൂലമായി ബാധിച്ചു. തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 245 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി, ഡസൻ കണക്കിന് മെട്രോ സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റോഡുകളിലെ ബാരിക്കേഡുകളും ഗതാഗത വഴിതിരിച്ചുവിടലുകളും നഗരത്തിന്റെ പല ഭാഗങ്ങളിലും യാത്രക്കാരെ വൈകിച്ചു.
സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് 24 മണിക്കൂർ നേരത്തേക്ക് വിച്ഛേദിച്ചു. ഇതോടെ ആളുകൾക്ക് യു.പി.ഐ ഉപയോഗിക്കാനോ യാത്രാ വിവരങ്ങൾ പരിശോധിക്കാനോ കഴിഞ്ഞില്ല. ട്രെയിനുകൾ റദ്ദാക്കുന്നതായി അറിയിപ്പുകൾ തുടർച്ചയായി വന്നതോടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യാത്രാസൗകര്യങ്ങൾ ക്രമീകരിക്കാൻ ആളുകൾ ഏറെ ബുദ്ധിമുട്ടി.
സുരക്ഷാ കാരണങ്ങളാൽ പ്രകടനത്തിന് അനുമതി നിഷേധിച്ചിരുന്നതായി ഡൽഹി പോലീസ് അറിയിച്ചു. ഒക്ടോബർ 7-ന് സംഘടകർ സമർപ്പിച്ച അപേക്ഷ, നിർദ്ദിഷ്ട 10 ദിവസത്തെ മുൻകൂർ നോട്ടീസ് കാലാവധി പാലിച്ചില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി. സെൻട്രൽ ഡൽഹിയുടെ പല ഭാഗങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തൃണമൂൽ കോൺഗ്രസ് എം.പിമാർക്കൊപ്പമാണ് മമത ബാനർജിയെ തടഞ്ഞത്. മറ്റ് പലയിടങ്ങളിലും ഇടത് നേതാക്കൾക്ക് നേരെ പോലീസ് നടപടിയുണ്ടായി.
പ്രതിഷേധങ്ങൾ മുംബൈയിലേക്കും വ്യാപിച്ചു. അഗസ്റ്റ് ക്രാന്തി മൈതാനത്തിന് സമീപം തുഷാർ ഗാന്ധിയെയും മറ്റ് പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഐക്യദാർഢ്യ പ്രതിഷേധത്തിനിടെ നടൻ ഇമ്രാൻ ഖാനെയും കസ്റ്റഡിയിലെടുത്തു.







Comments