
പിതാവ് സുരേന്ദ്ര ഷെട്ടിയുടെ പത്താം ചരമവാര്ഷിക ദിനത്തില് വൈകാരിക കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് താരം ശില്പ ഷെട്ടി. ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും താന് എല്ലാ ദിവസവും പിതാവിനെ മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം എവിടെയായിരുന്നാലും തന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടെന്ന ചിന്തയാണ് തനിക്ക് ആശ്വാസം നല്കുന്നതെന്നും ശില്പ കുറിച്ചു.
"അച്ഛനില്ലാതെ 10 വർഷം. എല്ലാ ദിവസവും നിങ്ങളെ മിസ്സ് ചെയ്യുന്നു.. ചില ദിവസങ്ങളിൽ അത് കുറച്ചുകൂടി കൂടുതലാണ്. നിങ്ങൾ മികച്ചൊരു സ്ഥലത്താണെന്നും ഞങ്ങളെ നോക്കിക്കൊണ്ട് അനുഗ്രഹിക്കുന്നുണ്ടെന്നുമുള്ള അറിവാണ് ഏക ആശ്വാസം. എന്നും ഞങ്ങളുടെ ഹൃദയത്തിൽ," ശിൽപ കുറിച്ചു. അച്ഛനൊപ്പമുള്ള പഴയകാല ചിത്രങ്ങളും താരം ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ശിൽപയുടെ സഹോദരി ഷമിത ഷെട്ടിയും പിതാവിന് ഹൃദയസ്പർശിയായ ആദരാഞ്ജലി അർപ്പിച്ചു."സമയം കടന്നുപോകുന്നു, ജീവിതം മുന്നോട്ട് പോകുന്നു, ലോകം കറങ്ങിക്കൊണ്ടേയിരിക്കുന്നു, എന്നാൽ ഹൃദയത്തിന്റെ ചില ഭാഗങ്ങൾ നിങ്ങൾ അവശേഷിപ്പിച്ചുപോയ ഇടത്ത് തന്നെ ശാശ്വതമായി അവശേഷിക്കുന്നു. നിങ്ങളെ സ്നേഹിക്കുന്നു ഡാഡി, മിസ്സ് ചെയ്യുന്നു," എന്നായിരുന്നു ഷമിതയുടെ വാക്കുകൾ.
2016 ഒക്ടോബർ 11-നാണ് ശിൽപയുടെ പിതാവ് സുരേന്ദ്ര ഷെട്ടി അന്തരിച്ചത്. മുംബൈ വെർസോവയിലെ വസതിയിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എല്ലാ വർഷവും ഇരുവരും പിതാവിന്റെ ഓർമദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ വൈകാരികമായ കുറിപ്പുകൾ പങ്കുവെക്കാറുണ്ട്.
അതേസമയം, കന്നഡ ചിത്രമായ 'കെഡി: ദി ഡെവിൽ' ആണ് ശിൽപാ ഷെട്ടി ഒടുവിൽ അഭിനയിച്ച സിനിമ. പ്രേം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധ്രുവ സർജയാണ് നായകൻ. സഞ്ജയ് ദത്ത്, നോറ ഫത്തേഹി തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. 2026 ഏപ്രിൽ 30-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.







Comments