
ശരീരത്തിന്റെ 90 ശതമാനത്തിലധികം ഭാഗത്തും പച്ചകുത്തി ലോകശ്രദ്ധ നേടുകയാണ് കാനഡയിലെ ആൽബർട്ട സ്വദേശിയായ ജെറമി 'റെമി' സ്കോഫീൽഡ്. ശരീരത്തിൽ ഏറ്റവും കൂടുതൽ പാളികളായി പച്ചകുത്തിയ ജീവിച്ചിരിക്കുന്ന പുരുഷൻ എന്ന വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് 38-കാരൻ. ചർമത്തിൽ ഏകദേശം 40 പാളികളിലായി പച്ചകുത്തിയ ഇദ്ദേഹത്തിന്റെ ശരീരത്തിലെ ചില ഭാഗങ്ങളിൽ നൂറിലധികം തവണ വരെ പച്ചകുത്തിയിട്ടുണ്ട്. 'എഫിമറൽ റെമി' എന്ന പേരിലും അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ അസാധാരണമായ ശരീരകലാ പരീക്ഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
2005-ൽ മകന്റെ പേര് ഇടത് കൈത്തണ്ടയിൽ പച്ചകുത്തിയതോടെയാണ് റെമിയുടെ ഈ യാത്ര ആരംഭിച്ചത്. പിന്നീട് പച്ചകുത്തലിനോടുള്ള താൽപര്യം വർധിച്ചതോടെ ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ ചിത്രങ്ങളും രൂപങ്ങളും പതിപ്പിക്കാൻ തുടങ്ങി. തുടക്കത്തിൽ ശരീരം മുഴുവൻ പച്ചകുത്തണമെന്ന ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് റെമി പറയുന്നു. വീടുവാങ്ങിയശേഷം സാമ്പത്തികമായി കൂടുതൽ സുരക്ഷിതമായതോടെയാണ് പച്ചകുത്തലിനായി കൂടുതൽ സമയം ചെലവഴിക്കാൻ തീരുമാനിച്ചത്. വർഷങ്ങളായി നടത്തിയ ഈ ശ്രമമാണ് ഒടുവിൽ ലോക റെക്കോർഡിലേക്ക് എത്തിച്ചത്.
ശരീരത്തിലെ പച്ചകുത്തലുകൾ റെമിക്ക് വെറുമൊരു അലങ്കാരമല്ല. ചിലത് തമാശ നിറഞ്ഞ ചിത്രങ്ങളാണെങ്കിൽ മറ്റു ചിലത് ജീവിതത്തിലെ പ്രിയപ്പെട്ടവരുടെ ഓർമകളുമായി ബന്ധപ്പെട്ടവയാണ്. വളർത്തുനായയുടെയും മാതാപിതാക്കളുടെയും ഓർമയ്ക്കായി അദ്ദേഹം പച്ചകുത്തിയിട്ടുണ്ട്. 2016ൽ മരിച്ച മകന്റെ അമ്മയുടെ ഓർമയ്ക്കായും പച്ചകുത്തിയിട്ടുണ്ട്. നൂറിലധികം ശരീരതുളയ്ക്കലുകളും നടത്തിയിട്ടുള്ള റെമി, തന്റെ ശരീരത്തെ കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്ന ഒരു ചിത്രപ്പലകയായാണ് കാണുന്നത്.
എന്നാൽ ശരീരത്തിന്റെ ഭൂരിഭാഗവും പച്ചകുത്തിയിട്ടും മുഖത്ത് കാര്യമായ മാറ്റങ്ങൾ വരുത്താൻ റെമി തയ്യാറായിട്ടില്ല. കണ്ണാടിയിൽ നോക്കുമ്പോൾ സ്വന്തം മുഖം തിരിച്ചറിയാൻ കഴിയണമെന്നാണ് അതിന് കാരണമായി അദ്ദേഹം പറയുന്നത്. പച്ചകുത്തലുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും സമൂഹമാധ്യമ സംരംഭങ്ങളും ഇപ്പോൾ കൈകാര്യം ചെയ്യുന്ന റെമി, ഗിന്നസ് റെക്കോർഡ് നേടാൻ വേണ്ടിയല്ല ഈ യാത്ര തുടങ്ങിയതെന്നും വ്യക്തമാക്കുന്നു. പച്ചകുത്തലിനോടുള്ള താൽപര്യം സ്വാഭാവികമായി തന്നെ ഈ നേട്ടത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. റെക്കോർഡ് നേടിയിട്ടും ആഴ്ചതോറുമുള്ള പച്ചകുത്തൽ തുടരുകയാണ് ഈ കനേഡിയൻ സ്വദേശി.







Comments