
കൊച്ചി: ഹൈക്കോടതി നിര്ദേശത്തെ തുടര്ന്ന് മാസപ്പടികേസില് പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരേ എഫ്ഐആര് ഇട്ട് വിജിലന്സ്. കുഴല്പ്പണ ഇടപാട് കേസില് മുന്മന്ത്രി മുഹമ്മദ് റിയാസിനും വീണയ്ക്കും എതിരേയും കേസെടുത്തിട്ടുണ്ട്. പിണറായിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിലാണ് എഫ്ഐആര് ഇട്ടിരിക്കുന്നത്. കുഴല്പ്പണ ഇടപാടിലാണ് റിയാസിനെതിരേ എഫ്.ഐ.ആര്. രണ്ടും വെവ്വേറെ കേസുകള് ആണെങ്കിലും രണ്ടുകേസുകളിലും ടി വീണയെ പ്രതിയാക്കിയിട്ടുണ്ട്.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസില് ഒന്നാംപ്രതി പിണറായി വിജയനും രണ്ടാംപ്രതി വീണയുമാണ്. സിഎംആര്എല്ലില് നിന്നും പിണറായി വിജയന്റെ മകള് വീണ വാങ്ങിയ പണം കൈക്കൂലിയാണെന്നാണ് ഇ.ഡി. നേരത്തേ കേസെടുക്കാന് ആവശ്യപ്പെട്ട് നല്കിയിരിക്കുന്ന കത്തില് പറഞ്ഞിരിക്കുന്നത്. ഇത് അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകളില് പെടുന്നതാണെന്ന കാണിച്ചാണ് എഫ്.ഐ.ആര്. രണ്ടാമത്തെ കേസില് ഒന്നാംപ്രതി മുന്മന്ത്രി മുഹമ്മദ് റിയാസാണ്. ഈ കേസില് രണ്ടാംപ്രതിയാണ് ഭാര്യ വീണ, റിയാസിന്റെ സുഹൃത്തുക്കളാണ് മറ്റുപ്രതികള്. റിയാസ് നടത്തിയ കള്ളപ്പണ ഇടപാട് എന്നാണ് എഫ്.ഐ.ആര്.
ഇന്ന് തന്നെ കേസ് എടുക്കാന് അന്വേഷണത്തിനുള്ള ടീമിനെയും പ്രഖ്യാപിക്കും. നേരത്തേ പിണറായിക്കും റിയാസിനും വീണയ്ക്കും റിയാസിന്റെ സുഹൃത്തുക്കള്ക്കും എതിരേ എഫ്.ഐ.ആര്. ഇട്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് നല്കുകയായിരുന്നു. കത്തില് പ്രാഥമികാന്വേഷണം നടത്തിയ ശേഷം മതി എഫ്.ഐ.ആര്. എന്നായിരുന്നു സര്ക്കാരിന്റെ നിലപാടെങ്കിലും ഇക്കാര്യത്തില് വന്ന പൊതുതാല്പ്പര്യ ഹര്ജിയിലാണ് ഹൈക്കോടതി സിംഗിള്ബഞ്ച് എഫ്.ഐ.ആര്. ഇടാന് ആവശ്യപ്പെട്ടത്.
അതേസമയം ഈ കേസില് ഇ.ഡി. പ്രധാനമായും തെളിവായി നല്കിയത് മൊഴികളാണ്. എന്നാല് മൊഴികളുടെ അടിസ്ഥാനത്തിലുള്ള തെളിവുകള് വിജിലന്സിന് കണ്ടെത്തേണ്ടി വരും. സഭാ നടപടികള് നടക്കുമ്പോഴാണ് പ്രതിപക്ഷ നേതാവിനെതിരേ എഫ്.ഐ.ആര്. ഇട്ടിരിക്കുന്നത്. അതേസമയം എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഹൈക്കോടതി ഡിവിഷന് ബഞ്ചിനെ സമീപിക്കാനുള്ള നീക്കത്തിലാണ്. സിംഗിള്ബഞ്ചിന്റെ പരാമര്ശം നീക്കണമെന്നാണ് ആവശ്യം.







Comments