
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ 84-ാം ജന്മദിനത്തിൽ ഹൃദ്യമായ ആശംസകൾ നേർന്ന് മരുമകളും നടിയുമായ ഐശ്വര്യ റായ്. അമിതാഭ് ബച്ചനും മകൾ ആരാധ്യയും ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.
"ഹാപ്പി ബർത്ത്ഡേ ഡിയറസ്റ്റ് പാ- ദാദാജി. സ്നേഹവും ദൈവാനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ" എന്നായിരുന്നു ഐശ്വര്യ കുറിച്ചത്. ചിത്രത്തിൽ അമിതാഭ് ബച്ചനെ ആരാധ്യ കെട്ടിപ്പിടിച്ചിരിക്കുന്നതായി കാണാം.
ഐശ്വര്യയ്ക്ക് പുറമെ കജോൾ, ചിരഞ്ജീവി, സഞ്ജയ് ദത്ത്, അനുപം ഖേർ, കമൽ ഹാസൻ, അജയ് ദേവ്ഗൺ തുടങ്ങിയവരും ബിഗ് ബിക്ക് ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തിയിരുന്നു.
പതിവുപോലെ ഈ വർഷവും ആരാധകരെ കാണാൻ താരം തന്റെ 'ജൽസ' വസതിക്ക് പുറത്തിറങ്ങി. ചുവന്ന കുർത്തയും ഷാളും ധരിച്ച്, ആരാധകർ ഒരുക്കിയ വലിയ പൂമാലയ്ക്ക് മുന്നിൽ നിന്ന് അദ്ദേഹം ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തിരുന്നു. നിലവില് 'കൽക്കി 2898 എഡി' ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് താരം ഇപ്പോൾ.
അതേസമയം, മൂന്ന് വർഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഐശ്വര്യ റായ്, 2023-ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവൻ 2'വിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ പാരീസ് ഫാഷൻ വീകിൽ താരം പങ്കെടുത്ത് ശ്രദ്ധ നേടിയിരുന്നു.







Comments