
നെടുമ്പാശേരി: മദ്യലഹരിയില് പത്തൊമ്പതുകാരന് ഓടിച്ച മിനി കൂപ്പര് ആഡംബര കാറിടിച്ച് മരിച്ച മൂവരും സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ അംഗങ്ങള്. ജോലിയില്നിന്നുള്ള തുച്ഛവരുമാനം കൊണ്ടാണ് പഠനവും കുടുംബച്ചെലവും നടത്തിയിരുന്നത്. മൂവരും പഠനത്തിനൊപ്പം തൃക്കാക്കരയിലെ സുക്കോയ എന്ന ക്രാഫ്റ്റ് സ്ഥാപനത്തില് ജീവനക്കാരുമായിരുന്നു. ജോലി കഴിഞ്ഞ് നെടുമ്പാശേരിയിലെത്തി ഭക്ഷണം കഴിച്ച് തിരിച്ചുപോകുമ്പോളായിരുന്നു അപകടം.
ഗോപിക എറണാകുളം കെ.എം.എം കോളജില് ബി.സി.എ പഠനം കഴിഞ്ഞ് തുടര് പഠനത്തിന് ആറു മാസം കമ്പ്യൂട്ടര് കോഴ്സിനു പാലാരിവട്ടത്ത് ചേര് ന്നതായിരുന്നു. ഒപ്പം വീട്ടുകാരെ ബുദ്ധിമുട്ട് അറിയിക്കാതിരിക്കാന് പാര്ട്ട് ടൈമായി ഒരു മാളില് ജോലിയും ചെയ്തിരുന്നു. കോഴ്സ് പൂര്ത്തീകരി ക്കാന് ഇനി കുറച്ചു ദിവസം മാത്രമുള്ളപ്പോഴാണ് ദാരുണാന്ത്യം. രാവിലെ മുതല് ഉച്ചവരെയായിരുന്നു ഗോപികക്ക് ക്ലാസ് ഉണ്ടായിരുന്നത്. അതുകഴിഞ്ഞാല് മാളില് ജോലിക്ക് കയറും.
ശനിയാഴ്ച ആയതിനാല് ഒപ്പം ജോലി ചെയ്തിരുന്നവരുമായി ഭക്ഷണം കഴിക്കാന് പോയി തിരിച്ചു വരുമ്പോഴാണ് അമിത വേഗത്തില് വന്ന കാര് ഇവരെ ഇടിച്ചു തെറിപ്പിച്ചത്. ഗോപിക പത്താം ക്ലാസും, പ്ലസ്ടുവും തച്ചമ്പാറ സ്കൂളിലാണ് പൂര്ത്തീകരിച്ചത്. പഠനത്തില് മിടുക്കിയായിരുന്ന ഗോപികക്ക് പത്താം ക്ലാസില് മുഴുവന് എ പ്ലസും, പ്ലസ്ടുവില് നല്ല മാര്ക്കും ലഭിച്ചിരുന്നു. ഗോപികയുടെ അച്ഛന് പ്രദീപ് ഓട്ടോ ഡ്രൈവറാണ്. അമ്മ: സജിത. സഹോദരങ്ങള്: അഭിജിത്, ദീപിക.

രണ്ട് യുവതികളടക്കം ബിരുദവിദ്യാര്ഥികളായ മൂന്ന് ചെറുപ്പക്കാര്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഓടിരക്ഷപ്പെടാന് ശ്രമിച്ചെങ്കിലും പിടിയിലായ പ്രതി നാട്ടുകാരോട് ധാര്ഷ്ട്യത്തോടെ പ്രതികരിച്ചതു സംഘര്ഷത്തിനിടയാക്കി. വിമാനത്താവള റോഡിലൂടെ വേഗത്തില് വാഹനമോടിക്കുന്നതില് എന്താണ് തെറ്റെന്നും, എന്ത് പ്രശ്നമുണ്ടായാലും തന്റെ പിതാവ് നോക്കിക്കോളുമെന്നുമായിരുന്നു അഹങ്കാരം നിറഞ്ഞ മറുപടി.
ഇന്നലെ പുലര്ച്ചെ മൂന്നോടെ എയര്പോര്ട്ട്-അത്താണി റോഡില്, അത്താണി സിഗ്നലിനു സമീപമായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കുരുതി. രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാന് സ്കൂട്ടറിലെത്തിയ കര്ണാടക, മംഗലാപുരം സുള്ള്യ കനകമഞ്ചല് ഇബ്രാഹിമിന്റെ മകന് ഇയാസ് (21), വയനാട് മടക്കിമല സന്തോഷ്ഭവനില് ദേവിക (21), മണ്ണാര്ക്കാട് പാലക്കാട് കരിമ്പ ഇടക്കുറിച്ചി മുള്ളംകുഴി പ്രദീപ്കുമാറിന്റെ മകള് ഗോപിക (21) എന്നിവരാണ് മരിച്ചത്. അപകടശേഷം ഓടിരക്ഷപ്പെടാന് ശ്രമിച്ച കാര് ഡ്രൈവര് സുഹെയ്ല് സജീവി(19)നെ നാട്ടുകാര് പിടികൂടി പോലീസിനു കൈമാറി.
രാജഗിരി കോളജില് ബികോം രണ്ടാംവര്ഷ വിദ്യാര്ഥിയായ സുഹെയ്ല്, കാക്കനാട് ജോയ് ആലുക്കാസ് ഗോള്ഡ് ടവറില് താമസിക്കുന്ന 'ഇഹാ ഡിസൈന്സ്' ഉടമകളായ ആലപ്പുഴ, തിരുവമ്പാടി ആലശേരി സജീവ് ജമാല്-നൂഹാ സജീവ് ദമ്പതികളുടെ മകനാണ്. ഇയാള്ക്കെതിരേ നെടുമ്പാ ശേരി പോലീസ് നരഹത്യയ്ക്കു കേസെടുത്തു. വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര് സ്കൂട്ടറില് ഇടിക്കുകയായിരുന്നു.
സ്കൂട്ടര് യാത്രികരായ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറോടിച്ച സുഹെയ്ലും ഒപ്പമുണ്ടായിരുന്ന ആലപ്പുഴ സ്വദേശി നിനവും അമിതലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികള് പറഞ്ഞു. നിനവും പോലീസ് കസ്റ്റഡിയിലാണ്.







Comments