
കൊച്ചി: സിഎംആര്എല്- എക്സാലോജിക് സാമ്പത്തിക ഇടപാടില് മുന് മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് എം വി ജയരാജന്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന മുന് നിലപാട് അദ്ദേഹം ആവര്ത്തിച്ചു.
'ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് നേരത്തേതന്നെ സിപിഐഎം പറഞ്ഞതാണ്. ഈ കേസ് വ്യാജ തെളിവുകളുടെയും ഇ ഡി മെയ്ഡ് തെളിവുകളുടെയും അടിസ്ഥാനത്തിലുണ്ടായതാണ്. നാല് പേരുടെ മൊഴി ഇഡി ഭീഷണിയിലൂടെ സമാഹരിച്ചതാണെന്ന് അവര് തന്നെ ഇഡി ഡയറക്ടറെയും റീജിയണല് ഡയറക്ടറെയും സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്.
ആ വസ്തുത എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന് പറയുന്ന കോടതി പരിശോധിച്ചിട്ടില്ല, കോടതിയുടെ മുമ്പാകെ എത്തിയിട്ടുമില്ല. കാരണം കോടതി ഇഡിയുടെ റിപ്പോര്ട്ടും രാഷ്ട്രീയ വേട്ടയ്ക്ക് ഇഡിയെപ്പോലെതന്നെ ദാഹിക്കുന്ന ഷാജഹാന്റെ ഹര്ജികളും മാത്രം നോക്കിയാണ് ഉത്തരവിറക്കിയത്. ഇതിലൊരു സമാന്യ നീതി നിഷേധമുണ്ട്. മോദിയും വി ഡി സതീശനും ചെയ്യുന്നതുപൊലെ ഒരാളെയും കേള്ക്കാതെ എന്തും ചെയ്യാം. ഒന്നും നോക്കാത്ത ഒരു സാഹചര്യം ജനാധിപത്യ സംവിധാനത്തില് വരികയാണെങ്കില് അത് ഏകാധിപത്യത്തിലേക്ക് പോകും. മോദിക്ക് കൂട്ട് ഇപ്പോള് വി ഡി ആണല്ലോ. അത് ഇഡിക്ക് കരുത്ത് പകര്ന്നിട്ടുണ്ട്', ഇ പി ജയരാജന് പറഞ്ഞു.
ഹൈക്കോടതി സിംഗിള് ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിഎംആര്എല്- എക്സാലോജിക് സാമ്പത്തിക ഇടപാടില് വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ട് കേസുകളാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
അഴിമതിനിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തെ കേസ് കുഴല്പ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. പിണറായി വിജയനും മുഹമ്മദ് റിയാസും ഒരു കേസില് മാത്രമാണ് പ്രതിയാകുന്നത്. വീണ ടി രണ്ട് കേസുകളിലും പ്രതിയാണ്.
സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസില് പിണറായി വിജയന് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസ് മന്ത്രിയായിരുന്നപ്പോള് അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസില് റിയാസാണ് ഒന്നാം പ്രതി. വീണ രണ്ടാം പ്രതിയാണ്. റിയാസിന്റെ സുഹൃത്തുക്കളും പ്രതിപ്പട്ടികയിലുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന് രൂപീകരിക്കാനാണ് തീരുമാനം.







Comments